‘മൈനേ പ്യാര്‍ കിയാ’യിലൂടെ ആരാധരുടെ മനം കവര്‍ന്ന ഭാഗ്യശ്രീ മടങ്ങി വരവിനൊരുങ്ങുന്നു

0

മൈനേ പ്യാര്‍ കിയാ’ എന്ന ആദ്യ ചിത്രത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന് ഭാഗ്യശ്രീ തിരിച്ചു വരവിനൊരുങ്ങുന്നു. അഭിഷേക് വര്‍മ്മന്‍ സംവിധാനം ചെയ്ത ‘ടു സ്റ്റേറ്റ്‌സ്’ എന്ന ഹിന്ദി ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലൂടെയാണ് ഭാഗ്യശ്രീ മടങ്ങി വരുന്നത്. ഹിന്ദി പതിപ്പില്‍ രേവതി അവതരിപ്പിച്ച കഥാപാത്രമാണ് ഭാഗ്യശ്രീ അവതരിപ്പിക്കുന്നത്.

1989-കളിലാണ് ചിത്രം പുറത്തിറങ്ങിയത്. സൂരജ് ബര്‍ജാത്തിയയുടെ സംവിധാനത്തില്‍ സല്‍മാന്‍ ഖാന്‍ നായകനായ ചിത്രം ഇന്ത്യന്‍ സിനിമയിലെ മികച്ച പ്രണയ ചിത്രങ്ങളുടെ പട്ടികയില്‍ മുന്‍ പന്തിയിലാണ്. സൂപ്പര്‍ ഹിറ്റായ ആ ചിത്രത്തിന് ശേഷം ധാരാളം അവസരങ്ങള്‍ ഭാഗ്യശ്രീയെ തേടിയെത്തിയെങ്കിലും അവര്‍ ഒഴിഞ്ഞു മാറുകയാണുണ്ടായത്. മഹാരാഷ്ട്രയിലെ സാംഗ്ലി പ്രദേശത്തെ രാജകുടുംബാംഗമായ ഭാഗ്യശ്രീയുടെ വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷം പൂര്‍ണ്ണമായും അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു താരം.
തന്നെ സമീപിച്ച സംവിധായകരോട് ഭാവി വരനായ ഹിമാലയ ദസനിയോടൊപ്പം മാത്രമേ അഭിനയിക്കൂ എന്നാണ് ഭാഗ്യശ്രീ അന്ന് പറഞ്ഞത്. തുടര്‍ന്ന് ഹിമാലയയോടൊപ്പം ചില ചിത്രങ്ങളില്‍ വേഷമിട്ടുവെങ്കിലും അതൊന്നും തന്നെ വിജയിച്ചില്ല. പിന്നീട് വല്ലപ്പോഴും ചില മറാഠി, ഭോജ്പുരി ചിത്രങ്ങളില്‍ അതിഥി വേഷങ്ങളില്‍ എത്തുന്നതൊഴിച്ചാല്‍ അഭിനയത്തില്‍ ഭാഗ്യശ്രീ സജീവമായിരുന്നില്ല.

ചേതന്‍ ഭഗത്തിന്റെ ‘ടു സ്റ്റേറ്റ്‌സ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് വര്‍മ്മന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അര്‍ജ്ജുന്‍ കപൂര്‍, ആലിയ ഭട്ട്, രേവതി, അമൃത സിംഗ്, എന്നിവരാണ് അഭിനേതാക്കള്‍.സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും ഭാഗ്യശ്രീ തന്റെ ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതില്‍ ശ്രദ്ധാലുവായിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ സജീവയായ അവര്‍ തന്റെ വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ സ്ഥിരമായി പങ്കുവെക്കാറുണ്ടായിരുന്നു.