‘ചവിട്ടിക്കീറിക്കളയും’: കണ്ണൂരിൽ വനിതാ ഡോക്ടർ‌ക്കു നേരെ എസ്ഐയുടെ ഗുണ്ടായിസം

0

ഹർത്താൽ ദിവസം പൊലീസുമായി ഏറ്റുമുട്ടിയ സമരക്കാരെ വൈദ്യപരിശോധനയ്ക്കു കൊണ്ടുവന്ന പൊലീസ് ഉദ്യോഗസ്ഥൻ ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ വനിതാ ഡോക്ടറോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ജില്ലാ ആശുപത്രി കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ ഡോ. കെ.പ്രതിഭയാണു കണ്ണൂർ ടൗൺ സ്റ്റേഷനിലെ എസ്ഐയ്ക്കെതിരെ ഐജിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയത്.

16ന് അപ്രഖ്യാപിത ഹർത്താൽ ദിനത്തിൽ ടൗൺ പൊലീസ് സ്റ്റേഷനു മുൻപിൽ പൊലീസുമായി ഏറ്റുമുട്ടിയ സമരക്കാരെ അറസ്റ്റ് ചെയ്തിരുന്നു. അവരിൽ പരുക്കേറ്റവരെ കോടതിയിൽ ഹാജരാക്കുന്നതിനു മുന്നോടിയായാണു രാത്രി പത്തരയോടെ ജില്ലാ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കെത്തിച്ചത്. രോഗികളെ പരിശോധിക്കുകയായിരുന്ന തന്റെ മുൻപിൽ, ടൗൺ എസ്ഐ എന്നു പരിചയപ്പെടുത്തിയ ഉദ്യോഗസ്ഥൻ വന്നു ഗുണ്ടായിസം കാണിച്ചെന്നാണു പ്രതിഭയുടെ പരാതി.

പിടിയിലായവർ പൊലീസ് മർദിച്ചതായി ഡോക്ടർമാർക്കു മൊഴി നൽകിയിരുന്നു. എന്നാൽ, പിടിയിലായവർ പറയുന്നതു ഡോക്ടർമാർ രേഖകളിൽ എഴുതാൻ പാടില്ലെന്ന് എസ്ഐ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. അങ്ങനെ എഴുതിക്കൊടുത്താൽ ‘ചവിട്ടിക്കീറിക്കളയും’ എന്നു ഭീഷണിപ്പെടുത്തിയതായും, എസ്ഐ പറയുന്നപോലെ വ്യാജമായ കാര്യങ്ങൾ എഴുതി നൽകാൻ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.

(Visited 171 times, 1 visits today)