കോഴിക്കോട് വിമാനത്താവളം; പദവിതാഴ്ത്തല്‍ താല്‍കാലികമെന്ന് അധികൃതര്‍

0

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനെ കാറ്റഗറി എട്ടില്‍നിന്ന് കാറ്റഗറി ഏഴിലേക്ക് തരംതാഴ്ത്തി. ഒരു പോയിന്റ് കുറച്ചാണ് വിമാനത്താവളത്തെ ഡീഗ്രേഡ് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് വിമാനത്താവള അധികൃതരുടെ ശുപാര്‍ശ എയര്‍പോര്‍ട്ട് അഥോറിറ്റി അംഗീകരിച്ചു. ഈ നീക്കത്തിന് പിന്നില്‍ ചില ഉദ്യോഗസ്ഥരുടെ ഇടപെടല്‍ വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇത് രണ്ടാം തവണയാണ് വിമാനത്താവളത്തെ തരംതാഴ്ത്തുന്നത്.

ബോയിങ്ങ് 777 മുതലുളള വിമാനങ്ങള്‍ക്ക് കോഴിക്കോട് സര്‍വ്വീസ് നടത്താമെന്നിരിക്കെ, ഇതിനുളള അനുമതി ലഭ്യമാക്കുന്നതിനു പകരം ഇടത്തരം വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല എന്ന കാരണം പറഞ്ഞാണ് വിമാനത്താവളത്തെ തരംതാഴ്ത്തിയത്.

അഥോറിറ്റി പുറത്തിറക്കിയ ഉത്തരവില്‍ താല്‍കാലികമാണ് പദവിതാഴ്ത്തല്‍ എന്ന് പറയുന്നെങ്കിലും മുന്‍കാല അനുഭവങ്ങള്‍ നേരെ മറിച്ചാണ്. നേരത്തെ ജംബോ ഉള്‍പ്പെടെയുളള വിമാനങ്ങള്‍ക്ക് സര്‍വീസിന് അനുമതി ഉണ്ടായിരുന്ന കാലത്ത് കാറ്റഗറി ഒമ്പതിലായിരുന്നു സ്ഥാനം. ഇതനുസരിച്ചാണ് പല വിദേശവിമാനക്കമ്പനികള്‍ക്കും കോഴിക്കോട് സര്‍വ്വീസിന് അനുമതി ലഭിച്ചത്. എന്നാല്‍ 2015-ല്‍ റണ്‍വെ അറ്റകുറ്റപണിയുടെ പേരില്‍ വലിയ വിമാനങ്ങള്‍ പിന്‍വലിച്ചതോടെ പദവി കാറ്റഗറി എട്ടിലേക്ക് താഴ്ത്തിയിരുന്നു.

പുതിയ തീരുമാനം നടപ്പിലാവുന്നതോടെ വിദേശ വിമാനക്കമ്പനികളുടെ കോഴിക്കോട് സര്‍വീസിനുളള അപേക്ഷ വളരെയെളുപ്പം എയര്‍പ്പോര്‍ട്ട് അഥോറിറ്റിക്ക് നിരസിക്കാനാവും. തീരുമാനം ആദ്യം ബാധിക്കുക വിമാനത്താവള അഗ്നിശമന സേനയെയാണ്. കൂടാതെ രാജ്യത്തെ മികച്ച വിമാനത്താവളമെന്ന പദവിയും കോഴിക്കോടിന് നഷ്ടമാകും.

(Visited 39 times, 1 visits today)