ജീവനും സ്വത്തിനും സംരക്ഷണമില്ലാതെ കോട്ടയത്തെ കുടുംബം; റിയല്‍ എസ്റ്റേറ്റ് മാഫിയയും മുനിസിപ്പാലിറ്റി അധികൃതരും ഒത്തുകളിക്കുന്നുവെന്ന് ആരോപണം

0

കോട്ടയം: ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുക എന്ന മിനിമം പൌരാവകാശവും മനുഷ്യാവകാശവും നിഷേധിക്കപ്പെട്ട് ഒരു കുടുംബം. അക്ഷര നഗരിയായ കോട്ടയത്താണ് കിടപ്പാടം ഏതുസമയത്തും തകര്‍ന്നുവീഴാവുന്ന നിലയില്‍ അഞ്ചംഗ കുടുംബം ഉറക്കം നഷ്ടപ്പെട്ട് കഴിയുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെത്തുടര്‍ന്ന് സംരക്ഷണ ഭിത്തി ഇടിയുകയും കുടുംബവീടിന്റെ അടിത്തറ ഇളകുകയും, ഭിത്തികള്‍ വിണ്ടുകീറി അതീവ അപകടാവസ്ഥയിലായിരിക്കുകയും ചെയ്തിരിക്കുകയാണ്. ആകാശത്ത് രജതരേഖകള്‍ വിരിയിക്കുന്ന പ്രമുഖ ഫ്ലാറ്റ് നിര്‍മാണ ഗ്രൂപ്പിന്റെ നഗ്നമായ നിയമലംഘനവും ധാര്‍ഷ്ട്യവുമാണ് ഈ കുടുംബത്തെ ഗതികേടിലാക്കിയിരിക്കുന്നത്.

നവരത്നങ്ങളില്‍ ഒന്നിന്റെ പേരുമായി കോട്ടയം കഞ്ഞിക്കുഴിയില്‍ പ്രമുഖ ബില്‍ഡേഴ്സ് ഗ്രൂപ്പ് ഫ്ലാറ്റ് സമുച്ചയം കെട്ടിപ്പൊക്കാനൊരുങ്ങിവന്നപ്പോള്‍ അത് തങ്ങളുടെ വീടിന്റെ അസ്ഥിവാരം തോണ്ടുമെന്ന് കഞ്ഞിക്കുഴി കുന്നേല്‍ ബിബിന്‍ ജേക്കബും കുടുംബവും കരുതിയില്ല. സകലനിയമങ്ങളും കാറ്റില്‍ പറത്തി അധികാരികളെ വിലയ്ക്കെടുത്താണ് പ്രമുഖ ബില്‍ഡേഷ്സ് ഗ്രൂപ്പ് അവരുടെ പ്രോജക്ട് ആരംഭിച്ചതെന്ന് ബിബിന്‍ ആരോപിക്കുന്നു. മുനിസിപ്പാലിറ്റി അധികൃതരും മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് അധികൃതരും റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്കു നിയമ ലംഘനം നടത്താന്‍ വഴി ഒരുക്കിക്കൊടുത്തുവെന്നു തെളിയിക്കുന്ന രേഖകള്‍ തന്റെ പക്കല്‍ ഉണ്ടെന്ന് ബിബിന്‍ പറഞ്ഞു. സാധാരണക്കാരന്‍ ഒരു വീടുപണിയാന്‍ സ്വന്തം പുരയിടത്തിലെ മണ്ണു മാറ്റുന്നതിനു പോലും കര്‍ശന നിബന്ധനകള്‍ ഉണ്ടെന്നിരിക്കേ ഈ ബില്‍ഡേഴ്സിന് 60 അടിയോളം ആഴത്തില്‍ തന്റെ വീട്ടില്‍നിന്നു മതിയായ അകലം പാലിക്കാതെയും, തന്റെ അനുമതിപത്രം ഇല്ലാതെയും മണ്ണു മാറ്റാന്‍ അധികൃതര്‍ അനുമതി നല്‍കിയത് എങ്ങനെയെന്ന് ബിബിന്‍ ചോദിക്കുന്നു.

2016ല്‍ അപ്പാര്‍ട്ട്മെന്റ് പ്രോജക്ടിന്റെ പണി പുരോഗമിക്കവേ മതിയായ സുരക്ഷ ഇല്ലാതെയാണ് പണി നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ബിബിന്‍ പരാതി നല്‍കിയിരുന്നെങ്കിലും അധികൃതര്‍ അത് അവഗണിക്കുകയായിരുന്നു. പിന്നീട് തങ്ങളുടെ പുരയിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയും വീടിന് അപകടകരമായ രീതിയില്‍ വിള്ളല്‍ ഉണ്ടാവുകയും ചെയ്തതോടെ ബിബിനും കുടുംബവും വാടകവീട്ടിലേക്ക് താമസം മാറ്റുകയും നീതിക്കായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. 2017 ജൂണ്‍ 16ന് ബഹു. കേരളാ ഹൈക്കോടതി ബിബിന്റെ കുടുംബത്തിന് അനുകൂലമായി വിധിപ്രസ്താവിക്കുകയുണ്ടായി. സംരക്ഷണഭിത്തി കെട്ടി സുരക്ഷ ഉറപ്പാക്കിയശേഷം മാത്രമേ ഫ്ലാറ്റ് നിര്‍മാണവുമായി മുന്നോട്ട് പോകാവൂ എന്ന് ഈ വിധിയില്‍ കര്‍ശനമായി നിര്‍ദേശിക്കുന്നുണ്ട്. നിര്‍മ്മാണങ്ങള്‍ നഗരസഭാ എ.ഇയുടെയും, പി.ഡബ്ല്യു.ഒയുടെയും മേല്‍നോട്ടത്തിലും സാന്നിധ്യത്തിലും മാത്രമേ നടത്താവൂ എന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഈ ഹൈക്കോടതി വിധിയെ അട്ടിമറിക്കാനാണ് ചില ഉദ്യോഗസ്ഥരും ബില്‍ഡിംഗ് കമ്പനിയും ശ്രമിച്ചതെന്ന് ബിബിന്‍ ആരോപിക്കുന്നു. സംരക്ഷണഭിത്തി കെട്ടാന്‍ എന്ന പേരില്‍ പണികള്‍ ആരംഭിച്ചതിനു ശേഷം കെട്ടിട സമുച്ചയത്തിനുവേണ്ട വാട്ടര്‍ ടാങ്കും മറ്റ് പണികളും നടത്തുകയാണ് ബില്‍ഡിംഗ് കമ്പനി ചെയ്തത്. സംരക്ഷണഭിത്തി നിര്‍മ്മാണം മനപ്പൂര്‍വം ഇഴഞ്ഞു നീങ്ങുകയായിരുന്നു. മതിയായ അടിത്തറ നല്‍കാതെ മണല്‍ ചാക്കുകള്‍ അടുക്കി അതിനുമുകളിലാണ് സംരക്ഷണ ഭിത്തി നിര്‍മിച്ചത്. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് താന്‍ മുനിസിപ്പാലിറ്റി അധികൃതരെയും മറ്റ് ഉദ്യോഗസ്ഥരെയും സമീപിച്ചെങ്കിലും അവര്‍ അവഗണിക്കുകയായിരുന്നുവെന്നും, കോടതിവിധിയേയും കോടതിയേയും അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ പോലും ചില ഉദ്യോഗസ്ഥരുടെ പക്കല്‍നിന്ന് ഉണ്ടായെന്നും ബിബിന്‍ പറയുന്നു. വിവരാവകാശനിയമപ്രകാരം അടിയന്തിരമായി മറുപടി ആവശ്യപ്പെട്ട് താന്‍ നല്‍കിയ അപേക്ഷ ‘ജീവനോ സ്വത്തിനോ അപകടം നേരിടുന്ന അടിയന്തിര സാഹചര്യം നിലവില്‍ ഇല്ല’ എന്ന അറിയിപ്പോടെ മറുപടി നല്‍കാന്‍ വൈകിപ്പിക്കുകയാണ് മുനിസിപ്പാലിറ്റി എഞ്ചിനീയറിംഗ് വിഭാഗം ചെയ്തത്.

സാധാരണക്കാരന്റെ നികുതിപ്പണം കൊണ്ട് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ മാഫിയകളുടെ പണം വാങ്ങി തിന്നുകൊഴുത്ത് സാധാരണക്കാരുടെ മനുഷ്യാവകാശം പോലും നിഷേധിക്കുന്ന അവസ്ഥയാണ് കോട്ടയം മുനിസിപ്പാലിറ്റിയില്‍ ഉള്ളതെന്ന് ബിബിന്‍ ആരോപിക്കുന്നു. ബഹു. കേരളാ ഹൈക്കോടതിയുടെ വിധിവന്ന് ഒരു വര്‍ഷം പിന്നിടുമ്പോളും തനിക്കും കുടുംബത്തിനും നീതി നിഷേധിക്കപ്പെടുന്നുവെന്നത് ബിബിനെ നിസ്സഹായനാക്കുകയാണ്.

(Visited 178 times, 1 visits today)