സൗജന്യ സര്‍വീസുമായി ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി കൊച്ചി മെട്രോ

0

ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോയില്‍ ജൂണ്‍ 19-ന് ജനങ്ങള്‍ക്ക് സൗജന്യ മെട്രോ സര്‍വീസ് നടത്താം. ‘ഫ്രീ റൈഡ് ഡേ’ എന്ന പേരില്‍ സൗജന്യ യാത്ര രാവിലെ ആറുമുതല്‍ രാത്രി പത്തു വരെ ലഭിക്കും. ഇതുവരെ മെട്രോയില്‍ കയറിയിട്ടില്ലാത്ത സ്വദേശീയര്‍ക്കും വിദേശീയര്‍ക്കും യാത്ര നടത്താന്‍ അവസരമൊരുക്കുകയാണെന്ന് കെ.എം.ആര്‍.എല്‍ എം.ഡി എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു.

മെട്രോ യാത്രക്കാര്‍ കാത്തിരുന്ന പ്രതിമാസ പാസ്, പ്രതിദിന പാസ് എന്നിവ നടപ്പാക്കും. പ്രതിമാസ പാസ് ജൂലൈ 15-ന് മുമ്പ് നടപ്പാക്കും. ഇതിന്റെ നിരക്ക് പിന്നീട് അറിയിക്കും. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് പ്രതിദിന പാസ് കൊണ്ടുവരുന്നത്.

മെട്രോയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്, നിരവധി കലാസാംസ്‌കാരിക പരിപാടികള്‍ ഇടപ്പളളി, ആലുവ, മഹാരാജാസ് ഉള്‍പ്പെടെയുളള സ്റ്റേഷനുകളില്‍ അവതരിപ്പിക്കും. 17-ന് ഇടപ്പളളി സ്റ്റേഷനില്‍ കേക്ക് മുറിക്കും. കൂടാതെ രാവിലെ 11.30 ന് ഇടപ്പളളി സ്റ്റേഷനില്‍ മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് ‘ടൈം ട്രാവലര്‍ മാജിക് മെട്രോ’ എന്ന മാന്ത്രിക പരിപാടി അവതരിപ്പിക്കും.

ആലുവ സ്റ്റേഷന്റെ വലതുഭാഗത്തെ പ്രവേശന കവാടം 19-ന് ഉച്ചയ്ക്ക് രണ്ടിന് തുറന്നു നല്‍കും. മുട്ടം യാര്‍ഡില്‍ വെറുതെ കിടക്കുന്ന ഭൂമിയില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യാര്‍ഡിലുളള 520 ജീവനക്കാര്‍ മരം നടും. 17-ാം തീയതി മുതല്‍ ഒരാഴ്ചയ്ക്കുളളില്‍ ഇത് പൂര്‍ത്തീകരിക്കും. ഉദ്ഘാടന ദിവസം മുതലുളള ഒരു വര്‍ഷകാലം കൊച്ചി മെട്രോയും ജനങ്ങളും തമ്മിലുളള ബന്ധം ചിത്രീകരിക്കുന്ന 365 ഫോട്ടോഗ്രാഫുകള്‍ അടങ്ങിയ ‘കോഫി ടേബിള്‍ ബുക്ക്’ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു പ്രകാശനം ചെയ്യും.

(Visited 33 times, 1 visits today)