ക്രമസമാധാനചര്‍ച്ചയ്ക്കിടെ പോലീസ് വയര്‍ലെസ് സെറ്റില്‍ അസഭ്യവര്‍ഷം

ഇരിട്ടി ഡിവൈ.എസ്.പി. പ്രജീഷ് തോട്ടത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഇത്

0

ഞായറാഴ്ചയാണ് ‘ആക്ഷന്‍ ഹീറോ ബിജു’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവം കണ്ണൂരിൽ അരങ്ങേറിയത്. കണ്ണൂർ പോലീസുദ്യോഗസ്ഥരുടെ ചര്‍ച്ചയ്ക്കിടെ വയര്‍ലെസ് സെറ്റിലൂടെ വന്നത് അസഭ്യവര്‍ഷം. സിനിമയില്‍ വയര്‍ലെസ് സെറ്റ് മദ്യപന്‍ തട്ടിയെടുത്തതാണ് പ്രശ്‌നമായതെങ്കില്‍ ഇവിടെ ഏത് സ്റ്റേഷനിലെ വയര്‍ലെസ് സെറ്റില്‍നിന്ന് ആരാണ് വിളിച്ചതെന്ന് കണ്ടെത്താനായിട്ടില്ല. അതത് ദിവസത്തെ ക്രമസമാധാനപ്രശ്‌നങ്ങളും കേസുകളും വിലയിരുത്താനായി രാവിലെ ഒരുമണിക്കൂര്‍ എല്ലാ പോലീസുദ്യോഗസ്ഥരും വയര്‍ലെസിലുടെ എസ്.പി.യുമായി ബന്ധപ്പെടാറുണ്ട്

ഇരിട്ടി ഡിവൈ.എസ്.പി. പ്രജീഷ് തോട്ടത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ഇത്. ഉദ്യോഗസ്ഥരെല്ലാം പെട്ടെന്ന് നിശ്ശബ്ദരായി. ജില്ലാ പോലീസ് മേധാവിയാണ് എല്ലാദിവസവും ഈ വിലയിരുത്തലിന് നേതൃത്വം നല്‍കുന്നത്. അദ്ദേഹം അവധിയിലായതിനാല്‍ നാല് ഡിവൈ.എസ്.പി.മാരാണുണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ട്.

ഏതോ സ്റ്റേഷനിലെ വയര്‍ലെസ് സെറ്റിലൂടെയാണ് അസഭ്യവര്‍ഷം വന്നത്. കുറച്ച് അകലത്തില്‍നിന്ന് വിളിച്ചുപറയുന്നതുപോലെയായിരുന്നു ശബ്ദം. അതിനാല്‍ പോലീസുകാര്‍ തമ്മിലുള്ള അസഭ്യവര്‍ഷം മേലുദ്യോഗസ്ഥരെ കേള്‍പ്പിക്കാന്‍ ആരോ മനഃപൂര്‍വം ബട്ടണ്‍ അമര്‍ത്തിയതാണെന്നാണ് സംശയം.

ജില്ലാ ആസ്ഥാനത്തെ പോലീസ് കണ്‍ട്രോള്‍ റൂമില്‍നിന്നു നടത്തിയ പ്രാഥമികാന്വേഷണത്തില്‍, ഏതു സ്റ്റേഷനിലെ വയര്‍ലസ് സെറ്റില്‍നിന്നാണ് അസഭ്യവര്‍ഷം ഉണ്ടായതെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

(Visited 17 times, 1 visits today)