കഠ്‌വ മാനഭംഗക്കേസിൽ ജമ്മു കശ്മീർ സർക്കാരിന് സുപ്രീംകോടതി നോട്ടിസ്

0

കഠ്‌വ മാനഭംഗക്കേസിന്റെ വിചാരണ സംസ്ഥാനത്തിനു പുറത്തെ കോടതിയിലേക്കു മാറ്റണമെന്ന, മാനഭംഗത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിന്റെ ഹർജിയിൽ സുപ്രീംകോടതി ജമ്മു കശ്മീർ സർക്കാരിനു നോട്ടിസ് അയച്ചു. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ നിലപാട് അറിയുന്നതിനാണ് ഇത്. ഈ മാസം 27–നകം മറുപടി നൽകാനാണ് നിർദേശം. പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്കും കേസിൽ ഹാജരാകുന്ന അഭിഭാഷകയ്ക്കും പൊലീസ് സംരക്ഷണം നൽകാനും കോടതി ഉത്തരവിട്ടു.

കേസ് ജമ്മു കശ്മീരിനു പുറത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് അഭിഭാഷകയായ അനൂജ കപൂർ വഴി സമർപ്പിച്ച ഹർജിയും തനിക്കു സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട്, കേസിൽ പെൺകുട്ടിയുടെ കുടുംബത്തെ സഹായിക്കുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത് നൽകിയ ഹർജിയുമാണ് സുപ്രീംകോടതി ഇന്നു പരിഗണിച്ചത്. മുതിർന്ന അഭിഭാഷകയായ ഇന്ദിര ജയ്സിങ്ങാണ് ഇവർക്കായി സുപ്രീം കോടതിയിൽ ഹാജരായത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

കഠ്‌വ കേസിന്റെ വിചാരണ ഇന്ന് ആരംഭിച്ചെങ്കിലും, കേസ് പരിഗണിക്കുന്നത് കഠ്‌വയിൽനിന്ന് ചണ്ഡിഗഡിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചതോടെ തുടർവാദം കേൾക്കുന്നത് കഠ്‍വ കോടതി ഈ മാസം 28–ലേക്കു മാറ്റുകയായിരുന്നു. അതിനിടെ, തന്റെ ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി, കഠ്‍വ പെൺകുട്ടിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് രജാവത്തും രംഗത്തെത്തി. ജമ്മുവിലെ കഠ്‌വയിൽ എട്ടു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്.

പ്രതിപ്പട്ടികയിൽ പ്രായപൂർത്തിയാകാത്ത ഒരാളുള്ളതിനാൽ അയാൾക്കായി പ്രത്യേകം കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ബാലാവകാശ നിയമമനുസരിച്ച് കഠ്‌വ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആയിരിക്കും ഇയാളെ വിചാരണ ചെയ്യുക. മറ്റ് ഏഴു പ്രതികൾക്കും എതിരായ വിചാരണ സെഷൻസ് കോടതിയിൽ നടക്കും. കേസ് നടപടികൾക്കായി ജമ്മു കശ്മീർ സർക്കാർ രണ്ട് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഹിന്ദു–മുസ്‍ലിം വർഗീയ ധ്രുവീകരണം രൂക്ഷമായതിനാൽ, നിഷ്പക്ഷത ഉറപ്പാക്കുന്നതിനായി സിഖ് വിഭാഗക്കാരായ അഭിഭാഷകരെയാണ് ഈ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.

ബഖർവാല നാടോടിഗോത്ര വിഭാഗത്തിൽപ്പെട്ടവരെ പ്രദേശത്തുനിന്ന് ഓടിക്കുന്നതിനായി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നു ഇതെന്നു കുറ്റപത്രത്തിൽ പറയുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

സംഭവം ഇങ്ങനെ:

എട്ടു വയസ്സുകാരിയെ കാണാതായതു കഴിഞ്ഞ ജനുവരി പത്തിന്. വനത്തിൽ മേയാൻ വിട്ട കുതിരകളെ അന്വേഷിച്ച് അലഞ്ഞ പെൺകുട്ടിയെ സഹായിക്കാമെന്നു വാഗ്ദാനം നൽകിയാണ് പ്രതികളൊരാൾ തൊട്ടടുത്ത ചെറുക്ഷേത്രത്തിലേക്കു കൊണ്ടുപോയത്.

ഒരാഴ്ച തടവിൽവച്ചു മാനഭംഗപ്പെടുത്തി. ഭക്ഷണം നൽകാതെ ലഹരി നൽകി മയക്കിയാണു പീഡനം നടത്തിയത്. മൃതപ്രായയായ പെൺകുട്ടിയെ ക്ഷേത്രത്തിന് അടുത്തുള്ള കലുങ്കിനടിയിൽ ഒളിപ്പിച്ചു. വിവരം അറിഞ്ഞെത്തിയ പ്രതികളിലൊരാൾ കൊലപ്പെടുത്തും മുൻപു പെൺകുട്ടിയെ ഒരിക്കൽക്കൂടി മാനഭംഗപ്പെടുത്തി. പിന്നീട്, കല്ലുകൊണ്ടു പെൺകുട്ടിയുടെ തലയിൽ ഇടിച്ചു കൊലപ്പെടുത്തി. മൃതദേഹം അടുത്തുള്ള വനത്തിൽ ഉപേക്ഷിച്ചു.

ജനുവരി 17ന് ആണു മൃതദേഹം കണ്ടെത്തിയത്. ഈ സമയമെല്ലാം കാണാതായ പെൺകുട്ടിക്കു വേണ്ടി തിരച്ചിൽ തുടരുകയായിരുന്നു. ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത കേസിൽ കുറ്റപത്രം സമർപ്പിച്ചതോടെയാണു വിവരങ്ങൾ പുറത്തുവന്നത്. കുറ്റപത്രം സമർപ്പിക്കുന്നതിനെതിരെ അഭിഭാഷകർ സംഘം ചേർന്നു രംഗത്തെത്തിയതും വിവാദമായിരുന്നു.

പ്രതികളെക്കുറിച്ച് കുറ്റപത്രത്തിൽ പറയുന്നത്:

1. സാൻജിറാം
അറുപതുകാരൻ. റവന്യുവകുപ്പിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ. സമീപത്തെ ക്ഷേത്രത്തിലെ പൂജാരി. ബ്രാഹ്മണർ താമസിക്കുന്ന പ്രദേശത്തു വന്നു വീടു വാങ്ങിയ ബഖർവാല സമുദായക്കാരെ ഭീഷണിപ്പെടുത്തി ഒഴിപ്പിക്കുന്നതിനായി ഈ സംഭവങ്ങൾ ആസൂത്രണം ചെയ്തു. പതിനഞ്ചുകാരനായ അനന്തരവനോട് പെൺകുട്ടിയെ തട്ടിക്കൊണ്ടുവരാൻ ആവശ്യപ്പെട്ടു. പെൺകുട്ടിയെ തിരക്കി എത്തിയ അമ്മയോട് അവൾ ഏതോ വീട്ടിൽ സുരക്ഷിതയായി കഴിയുന്നുവെന്നും ഉടൻ മടങ്ങിവരുമെന്നും പറഞ്ഞു. കേസ് ഒതുക്കാൻ അഞ്ചുലക്ഷം രൂപ മുടക്കി.

2. പതിനഞ്ചുകാരൻ
സമീപത്തെ സ്കൂളിലെ പ്യൂണിന്റെ മകൻ. പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയതിനു സ്കൂളിൽനിന്നു പുറത്താക്കി. കുതിരകളെ മേയ്ക്കുകയായിരുന്ന പെൺകുട്ടിയെ സഹായിക്കാനെന്ന ഭാവേന കൂട്ടിക്കൊണ്ടുപോയി. വായ്മൂടിക്കെട്ടി, കയ്യുംകാലും കെട്ടി മാനഭംഗപ്പെടുത്തി. പിന്നീടു സമീപത്തെ ക്ഷേത്രത്തിലെ മുറിയിലാക്കി. കൂട്ടമാനഭംഗത്തിനു ശേഷം കല്ലുകൊണ്ടു പെൺകുട്ടിയുടെ തലയ്ക്ക് ഇടിച്ചതും ഈ പ്രതി.

3. പർവേഷ് കുമാർ
പതിനഞ്ചുകാരന്റെ സഹായി. പെൺകുട്ടിയെ ക്ഷേത്രത്തിനുള്ളിലാക്കാൻ സഹായിച്ചു. ലഹരിമരുന്നു വാങ്ങി ബലമായി പെൺകുട്ടിക്കു നൽകി, മാനഭംഗപ്പെടുത്തി.

4. ദീപക് ഖജൂരിയ
സ്പെഷൽ പൊലീസ് ഓഫിസർ. മാനസിക വിഭ്രാന്തിയുള്ള രോഗികൾക്കു നൽകുന്ന എപിട്രിൽ 0.5 എംജി ഗുളിക പത്തെണ്ണം വാങ്ങി മൂന്നെണ്ണം പെൺകുട്ടിക്കു ബലംപ്രയോഗിച്ചു നൽകി. പലവട്ടം മാനഭംഗപ്പെടുത്തി. കൊലപ്പെടുത്തുന്നതിനു തൊട്ടുമുൻപ് ഒന്നുകൂടി മാനഭംഗം ചെയ്യണമെന്നു ശഠിച്ചു.

5. വിശാൽ ജംഗോത്ര
സാൻജി റാമിന്റെ മകൻ. യുപിയിലെ മീററ്റിൽ ബിഎസ്‌സി വിദ്യാർഥി. പതിനഞ്ചുകാരനായ കൂട്ടുപ്രതി അറിയിച്ചതുപ്രകാരം മീററ്റിൽനിന്ന് കഠ്‌വയിലെത്തി. പെൺകുട്ടിയെ പലതവണ മാനഭംഗപ്പെടുത്തി. തെളിവുകൾ നശിപ്പിക്കാനും മുൻകയ്യെടുത്തു.

6. തിലക് രാജ്
ഹെഡ് കോൺസ്റ്റബിൾ. കേസ് ഒതുക്കുന്നതിനു സാൻജിറാമുമായി കരാറുണ്ടാക്കി. അന്വേഷണ സംഘത്തോടൊപ്പം സഞ്ചരിക്കുകയും തെളിവുകൾ കഴിവതും ശേഖരിച്ചില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. അഞ്ചുലക്ഷം രൂപയോളം സാൻജിറാമിൽനിന്നു കൈപ്പറ്റി.

7. സുരീന്ദർ കുമാർ
സ്പെഷൽ പൊലീസ് ഓഫീസർ. മാനഭംഗശ്രമം നടത്തിയതായി തെളിവില്ല. േദവാലയത്തിനുള്ളിൽ പെൺകുട്ടിയെ സൂക്ഷിച്ച ഏഴുദിവസവും (ജനുവരി 10 മുതൽ 17 വരെ) കുട്ടിയുടെ കുടുംബത്തിന്റെ നീക്കങ്ങളും ബഖർവാല സമുദായത്തിന്റെ നീക്കങ്ങളും നിരീക്ഷിച്ച് പ്രതികളെ അറിയിച്ചു.

8. ആനന്ദ് ദത്ത്
ഹീരാ നഗർ പൊലീസ് സ്റ്റേഷനിലെ എസ്ഐ. കേസന്വേഷണം പൂർണമായി പ്രഹസനമാക്കി. പ്രായപൂർത്തിയാകാത്ത പ്രതിയിൽ മാത്രം കുറ്റംചുമത്തി മറ്റു പ്രതികളെ മുഴുവൻ ഒഴിവാക്കാൻ കരുനീക്കി. രക്ത സാംപിൾ പോലും ശേഖരിക്കാതെ വിട്ടു. പ്രായപൂർത്തിയാകാത്ത പ്രതി കുറ്റകൃത്യം നടത്തിയത് എങ്ങിനെ എന്നു തെളിയിക്കുന്ന വിധം ചിത്രങ്ങളും എടുത്തു. അഞ്ചുലക്ഷം രൂപ കൈക്കൂലിയിൽ നാലു ലക്ഷം രൂപയും വാങ്ങിയത് ആനന്ദ് ദത്താണ്.

(Visited 59 times, 1 visits today)