ശശികലയ്‌ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കടകംപള്ളി

0

ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ നേതാവ് ശശികല വര്‍ഗീയത വ്യാപിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന വനിതയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. ദേവസ്വം ജീവനക്കാരില്‍ 60% ക്രിസ്ത്യാനികളാണെന്ന് പ്രസംഗിക്കുന്ന ശശികലയ്ക്കെതിരെ കോടതിയെ സമീപിക്കുമെന്നും മന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു. സ്ത്രീപ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസിന് സങ്കുചിത രാഷ്ട്രീയ താല്‍പര്യമാണുള്ളതെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാകും. 2019ലെ തിരഞ്ഞെടുപ്പില്‍ കുറച്ച്‌ വോട്ടാണ് അവര്‍ ലക്ഷ്യമിടുന്നത്. ബി.ജെ.പിയെ മുന്നിലെത്തിച്ച ഈ നെറികെട്ട രാഷ്ട്രീയക്കളി കോണ്‍ഗ്രസ് ഇനിയെങ്കിലും തിരിച്ചറിയണം.ദേശീയ തലത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരത്തില്‍ വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. സി.പി.എം ദേശീയതലത്തില്‍ അത്ര വലിയ പാര്‍ട്ടിയല്ല. മതേതരത്വം കള‍ഞ്ഞുകുളിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ വര്‍ഗീയവാദികള്‍ക്കൊപ്പം സഞ്ചരിക്കുകയാണ്. ഇത് തുടര്‍ന്നാല്‍ ചരിത്രം മാപ്പ് തരില്ല. ശബരിമലയില്‍ യുവതീപ്രവേശനം വേണമെന്ന മുന്‍ നിലപാടില്‍ ഒ.രാജഗോപാല്‍ ഉറച്ചു നില്‍ക്കുന്നുണ്ടോയെന്നും മന്ത്രി ചോദിച്ചു.

തന്ത്രിമാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ്. ദേവസ്വം ബോര്‍ഡ് മാനുവലില്‍ തന്ത്രിമാരുടെ അധികാരങ്ങളെക്കുറിച്ച്‌ കൃത്യമായി പറഞ്ഞിട്ടുണ്ട്. ശാന്തിക്കാരെ പോലെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റേണ്ടവരാണ് തന്ത്രിമാര്‍. പൂജാസംബന്ധിയായ കാര്യങ്ങളില്‍ അല്ലാതെ ഭരണപരമായ കാര്യങ്ങളില്‍ തന്ത്രിമാര്‍ക്ക് ഇടപെടാനാകില്ല. ശബരിമല അടച്ചിടുന്നത് സംബന്ധിച്ച്‌ തന്ത്രി രാഷ്ട്രീയ നേതാവിന്റെ ഉപദേശം തേടിയെന്ന വാര്‍ത്തയില്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ വിശദീകരണം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ശബരിമലയിലെ അന്നദാനത്തിന് ദേവസ്വം ബോര്‍ഡ് സംഘപരിവാര്‍ സംഘടനകളെ ആശ്രയിക്കുന്നുവെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം മന്ത്രി തള്ളി. ശബരിമലയിലും നിലയ്ക്കലിലും പമ്ബയിലും അന്നദാനം നടത്തുന്നത് ദേവസ്വം ബോര്‍ഡ് തന്നെയാണ്. അതിലേക്ക് വേണ്ട സാധനങ്ങള്‍ സംഭാവന നല്‍കുന്നത് വിവിധ സംഘടനകളും വ്യക്തികളുമാണ്. നിലവില്‍ അന്നദാനത്തിന് വേണ്ട സഹായങ്ങള്‍ നല്‍കുന്നുണ്ട്. അത് കുമ്മനം രാജശേഖരന്റെ പാര്‍ട്ടിക്കാര്‍ കൊണ്ടുവന്നാലും സ്വീകരിക്കും. അന്നദാനത്തിന് ആര് സാധാനങ്ങള്‍ നല്‍കിയാലും വേണ്ടെന്ന് പറയാനാകില്ല.

(Visited 23 times, 1 visits today)