ജമ്മുകശ്മീര്‍ ആക്രമണം; കേന്ദ്ര സര്‍ക്കാര്‍ പാക് വിഷയത്തില്‍ നയം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്

0

ജമ്മുകശ്മീരിലെ ഭീകരാക്രമണങ്ങള്‍ സംബന്ധിച്ച പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രതികരണത്തിന് മറുപടിയുമായി കോണ്‍ഗ്രസ്. ബി.ജെ.പിയുടെയും പി.ഡി.പിയുടെയും അവസരവാദനിലപാടും കശ്മീര്‍ വിഷയത്തിലെ നയമില്ലായ്മയും ഇല്ലാതാക്കുന്നത് സൈനികരെയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. പാക് വിഷയത്തില്‍ എന്‍.ഡി.എ നയം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. പാകിസ്താനുമായി ചര്‍ച്ചകള്‍ വേണമെന്ന് പിഡിപിയും പാകിസ്താന്‍ വലിയ വില നല്‍കേണ്ടിവരുമെന്ന് പ്രതിരോധമന്ത്രിയും പറയുന്നു.

ഇരു സര്‍ക്കാരുകളുടെയും അവസരവാദനിലപാടും കശ്മീര്‍ വിഷയത്തിലെ നയമില്ലായ്മയും ഇല്ലാതാക്കുന്നത് സൈനികരെയാണെന്നുമായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഒരു ദിവസം പാക് പ്രധാനമന്ത്രിയെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും മറ്റൊരു ദിവസം പ്രധാനമന്ത്രി പാകിസ്താന്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നു. അതിനാല്‍ എന്‍.ഡി.എ സര്‍ക്കാര്‍ പാക് വിഷയത്തില്‍ നയം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആവശ്യപ്പെട്ടു. ആക്രമണം ആവര്‍ത്തിക്കുന്പോഴുള്ള സംസാരമല്ല പ്രതിരോധ നടപടികളാണ് ആവശ്യമെന്നും മനീഷ് തിവാരി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 45 മാസത്തിനിടെ 160 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും 217 ഭീകരാക്രമണങ്ങളുമാണ് നടന്നത്. ആക്രമണങ്ങള്‍ ശക്തമായതിനെ കുറിച്ച് ചോദിക്കുമ്പോള്‍ കഴിഞ്ഞ കാലത്തെ ഭീകരവിരുദ്ധ നടപടികളെ കുറിച്ചാണ് സര്‍ക്കാര്‍ ചോദിക്കുന്നത്. അന്നൊന്നും ആക്രമണങ്ങള്‍ ഇത്രമേല്‍ രൂക്ഷമായിരുന്നില്ലെന്നും മനീഷ് തിവാരി പറഞ്ഞു. ഭീകരതക്ക് പാകിസ്താന്‍ പിന്തുണയുണ്ടെന്നും ഇത് വ്യക്തമാക്കുന്ന തെളിവുകള്‍ കൈമാറാന്‍ തയ്യാറാണെന്നുമായിരുന്നു പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍റെ പ്രതികരണം.

(Visited 29 times, 1 visits today)