ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് ജേക്കബ് സുമ രാജിവച്ചു

0

അഴിമതിയാരോപണ വിധേയനായ ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് ജേക്കബ് സുമ രാജിവച്ചു. 48 മണിക്കൂറിനകം രാജിവയ്ക്കണമെന്നു ഭരണകക്ഷിയായ ആഫ്രിക്കൻ നാഷണൽ കോണ്‍ഗ്രസിന്‍റെ (എഎൻസി) അന്ത്യശാസനത്തെ തുടർന്നാണ് രാജി തീരുമാനം. സുമയ്ക്ക് എതിരേയുള്ള അവിശ്വാസ പ്രമേയം പാർലമെന്‍റ് ഇന്നു ചർച്ചയ്ക്കെടുക്കാനിരിക്കുകയായിരുന്നു.

എഎൻസിക്കു വൻ ഭൂരിപക്ഷമുള്ള സാഹചര്യത്തിൽ പ്രമേയം പാസാക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ലായിരുന്നു. സിറിൽ റാമഫോസയെ സുമയ്ക്കു പകരം പ്രസിഡന്‍റായി തെരഞ്ഞെടുക്കുമെന്നും എഎൻസി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പാർട്ടി കടുത്ത നിലപാട് വ്യക്തമാക്കിയതോടെയാണ് നില പരുങ്ങലിലായ സുമ രാജി സമർപ്പിച്ചത്.

അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ജേക്കബ് സുമയുമായി ഏറെ അടുപ്പം പുലർത്തുന്ന ഇന്ത്യൻ വംശജരായ ഗുപ്തമാരുടെ വസതിയിൽ ബുധനാഴ്ച പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഏഴോളം പേരേ അറസ്റ്റു ചെയ്തെന്നും രണ്ടു പേർ വൈകാതെ കീഴടങ്ങുമെന്നും സ്പെഷൽ പോലീസ് വിഭാഗം അറിയിച്ചു. ഗുപ്ത സഹോദരങ്ങൾ പ്രസിഡന്‍റിന്‍റെ കാബിനറ്റ് നിയമനങ്ങളിൽ പോലും സ്വാധീനം ചെലുത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്.

(Visited 22 times, 1 visits today)