യുവതിയെ ഭര്‍ത്താവ് കെട്ടിത്തൂക്കി മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ചു

0

ഉത്തര്‍പ്രദേശില്‍ യുവതിയെ ഭര്‍ത്താവ് കെട്ടിത്തൂക്കി മര്‍ദ്ദിക്കുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയയ്ക്കുകയും ചെയ്തുവെന്ന് പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

50,000 രൂപ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ യുവതിയെ അതിക്രൂരമായി ഇനിയും മര്‍ദ്ദിക്കുമെന്ന മുന്നറിയിപ്പോടെയാണ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ യുവതിയുടെ സഹോദരന്‍ അടക്കമുള്ളവര്‍ക്ക് അയച്ചുകൊടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം.

മാതാപിതാക്കളില്‍നിന്ന് 50,000 രൂപ വാങ്ങിത്തരണമെന്ന് യുവതിയോട് ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നു. സാധ്യമല്ലെന്ന് യുവതി പറഞ്ഞതോടെയാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ബെല്‍റ്റുകൊണ്ട് അടിച്ച് ഭര്‍ത്താവ് തന്നെ ബോധംകെടുത്തിയെന്ന് യുവതി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മര്‍ദ്ദനം നാല് മണിക്കൂറോളം നീണ്ടു. ബോധം വീണ്ടെടുത്തപ്പോഴും തന്റെ കൈകള്‍ സീലിങ്ങില്‍ കെട്ടിയിട്ട നിലയിലായിരുന്നുവെന്നും അവര്‍ പറഞ്ഞു.

സംഭവത്തില്‍ സ്ത്രീധന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ഭര്‍ത്താവിനും കുടുംബത്തിലെ നാലുപേര്‍ക്കും എതിരെയാണ് കേസെടുത്തിട്ടുള്ളത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും യുവതിയുടെ ഭര്‍ത്താവും കുടുംബാംഗങ്ങളും ഒളിവിലാണെന്നും പോലീസ് പറഞ്ഞു. അവരെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്.

(Visited 314 times, 1 visits today)