ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് ജീവന്‍ മരണ പോരാട്ടം

0

അണ്ട‍ര്‍ 17 ലോകകപ്പില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായക മത്സരം. രണ്ടാം പോരാട്ടത്തില്‍ കൊളംബിയ ആണ് ഇന്ത്യയുടെ എതിരാളി. രാത്രി എട്ടിന് ദില്ലിയിലാണ് മത്സരം.

ജീവന്‍ മരണ പോരാട്ടമാണ് ഇന്ത്യക്ക് ഇന്ന്. ആദ്യകളിയില്‍ അമേരിക്കയോട് മുട്ടികുത്തിയ ഇന്ത്യക്ക് ഇനി ഒരു തോല്‍വികൂടി താങ്ങാനാവില്ല കൊളംബിയയോടും തോറ്റാല്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ അവസാനിക്കും. സമനില നേടിയാല്‍ ഘാനയ്‌ക്കെതിരായ മത്സരം വരെ പ്രതീക്ഷ നീട്ടാം. ആദ്യകളിയിലെ പിഴവുകള്‍ പരിഹരിക്കുകയാണ് ആദ്യ വെല്ലുവിളി. ടീമില്‍ കാര്യമായ മാറ്റം ഉണ്ടാവില്ലെങ്കിലും തന്ത്രങ്ങള്‍ മാറുമെന്നുറപ്പ്. ഫിനിഷിംഗിലെ പോരായ്മ മറികടക്കണം. ഗോള്‍വേട്ടയ്‌ക്ക് രണ്ട് സ്ട്രൈക്കര്‍മാരെ വിന്യസിച്ചേക്കും.

അമേരിക്കയ്‌ക്കെതിരെ കളംനിറഞ്ഞു കളിച്ച മലയാളിതാരം കെ.പി രാഹുലിന് പരുക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയായി. എങ്കിലും രാഹുല്‍ കളിക്കുമെന്നാണ് പ്രതീക്ഷ. ആദ്യ കളിയില്‍ ഘാനയോട് തോറ്റ കൊളംബിയക്കും മത്സരം നിര്‍ണായകം. ഒറ്റ ഗോളിനായിരുന്നു കൊളംബിയയുടെ തോല്‍വി. ടൂര്‍ണമെന്‍റില്‍ ജീവന്‍ നിലനിര്‍ത്താന്‍ സമനിലയെങ്കിലും വേണമെന്ന വര്‍ധിത വീര്യത്തോടെയാണ് ഇന്ത്യയിന്ന് ഇറങ്ങുക. എതിരാളിയുടെ കരുത്ത് പ്രകടനത്തെ ബാധിക്കില്ലെന്ന് കോച്ചും ഉറപ്പ് നല്‍കുന്നു.