ശശികലയ്ക്ക് ജയിലില്‍ വിഐ പി സൗകര്യം ഒരുക്കിയെന്ന് റിപ്പോര്‍ട്ട് ; ഡിഐജിക്ക് സ്ഥലമാറ്റം

0

അനധികൃത സ്വത്ത് സന്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട അണ്ണാ ഡിഎംകെ (അമ്മ) നേതാവ് വി.കെ. ശശികലയ്ക്കു ജയിലിൽ പ്രത്യേകസൗകര്യം നൽകിയെന്നു കാണിച്ച് ജയിൽ ഡിജിപിയുൾപ്പെടെയുള്ളവരെ പ്രതിക്കൂട്ടിലാക്കിയ ഡി ഐജി  രൂപയ്ക്ക് സ്ഥലം മാറ്റം. റിപ്പോർട്ട് മാധ്യമങ്ങളോടു പ്രസിദ്ധപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് രൂപയ്ക്കെതിരേ സർക്കാർ നടപടിയെടുത്തിരിക്കുന്നത്. ഗതാഗത വകുപ്പിലേക്കാണ് പുതിയ നിയമനം.

പരപ്പന അഗ്രഹാര ജയിലിൽ തടവുശിക്ഷ അനുഭവിക്കുന്ന ശശികലയ്ക്കു പ്രത്യേക സൗകര്യം ഏർപ്പെടുത്താൻ ജയിൽ ഡിജിപിയായ എച്ച്.എസ്. സത്യനാരായണ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയതായി പ്രചാരണമുണ്ടെന്നു രൂപ തയാറാക്കിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ജയിൽ ഡിജിപിയായ സത്യനാരായണയ്ക്കുതന്നെയാണു റിപ്പോർട്ട് സമർപ്പിച്ചത്.

ഉദ്യോഗസ്ഥയുടെ നടപടിയെ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യ ചട്ടവിരുദ്ധമായ നടപടിയാണ് രൂപയുടേതെന്നും ഇക്കാര്യത്തിനു മറ്റേതെങ്കിലും മുതിർന്ന ഉദ്യോഗസ്ഥനെ അവർക്കു സമീപിക്കാമായിരുന്നുവെന്നും പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാർ നോട്ടീസ് അയക്കുകയും ചെയ്തു. എന്നാൽ ജയിലിലെ ക്രമക്കേടുകൾ സംബന്ധിച്ച് താൻ നല്കിയ റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നതായി രൂപ വ്യക്തമാക്കി. റിപ്പോർട്ടിലെ ആരോപണങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിട്ടത് താനല്ലെന്നും അതുകൊണ്ടുതന്നെ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു അവരുടെ വിശദീകരണം.

(Visited 2 times, 1 visits today)