ഡൽഹി സർക്കാരിന്റെ ഉപദേശകരെ പുറത്താക്കി കേന്ദ്രം; കഠ്‌വ മറക്കാനെന്ന് എഎപി

0

ഇരട്ടപ്പദവി വിവാദത്തിൽ 20 എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി ഡൽഹി ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെ, ഡൽഹിയിലെ എഎപി സർക്കാരിൽ ഉപദേശകരായി പ്രവർത്തിച്ചിരുന്ന ഒൻപതു പേരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്താക്കി. ചട്ടങ്ങൾ പാലിക്കാതെയാണ് ഇവരുടെ നിയമനമെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. ഇത്തരം നിയമനങ്ങൾക്ക് ധനവകുപ്പിന്റെ അനുമതി ആവശ്യമാണെന്നിരിക്കെ, അതു ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. ഇവരെ പുറത്താക്കിയ നടപടിക്ക് ഡൽഹി ലഫ്.ഗവർണർ അനിൽ ബൈജാലും അംഗീകാരം നൽകി.

അതേസമയം, ഡൽഹി സർക്കാർ നിയമിച്ച ഉപദേശകരെ തീർത്തും അനാവശ്യമായ ഇടപെടലിലൂടെയാണ് കേന്ദ്ര സർക്കാർ പുറത്താക്കിയതെന്ന് ഡൽഹിയിലെ എഎപി സർക്കാർ പ്രതികരിച്ചു.

മുതിർന്ന എഎപി നേതാവ് അതീഷി മർലേനയും പുറത്താക്കപ്പെട്ടവരിലുണ്ട്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകയായാണ് മർലേന പ്രവർത്തിച്ചിരുന്നത്. മർലേനയ്ക്കു പുറമെ ഡൽഹി ധനമന്ത്രിയുടെ ഉപദേഷ്ടാവ് രാഘവ് ചന്ദ, ഉപമുഖ്യമന്ത്രിയുടെ മാധ്യക ഉപദേഷ്ടാവ് അരുണോദയ് പ്രകാശ്, നിയമമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് അമർദീപ് തിവാരി, പൊതുമരാമത്ത് വകുപ്പുമന്ത്രിയുടെ ഉപദേഷ്ടാവ് രജത് തിവാരി, ഊർജമന്ത്രിയുടെ ഉപദേഷ്ടാവ് സമീർ മൽഹോത്ര, പൊതുഭരണ വകുപ്പിൽ ഉപദേഷ്ടാവായ രാം കുമാർ ഝാ, ആഭ്യന്തരവകുപ്പിന്റെ ഉപദേശകനായ ബ്രിഗേഡിയർ ദിനകർ അദീപ്, ആരോഗ്യവകുപ്പിൽ ഉപദേശകനായ പ്രശാന്ത് സക്സേന എന്നിവരാണ് പുറത്താക്കപ്പെട്ടത്.

കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിൽ മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും സഹായിക്കാനായി കേന്ദ്ര സർക്കാർ അനുവദിച്ച ഔദ്യോഗിക സ്ഥാനങ്ങളിൽ ഈ ഉപദേശകരൊന്നും ഉൾപ്പെടുന്നില്ലെന്ന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിലുണ്ട്. ഇവരെ ഉപദേശകരായി നിയമിച്ച അവസരത്തിൽ ചട്ടപ്രകാരം കേന്ദ്രത്തിന്റ അനുമതി വാങ്ങിയിരുന്നില്ലെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മാസം വെറും ഒരു രൂപ ശമ്പളം വാങ്ങിയാണ് താൻ പ്രവർത്തിച്ചിരുന്നതെന്ന് പുറത്താക്കപ്പെട്ട ഉപദേശകരിൽ ഒരാളായ രാഘവ് ചന്ദ ട്വീറ്റ് ചെയ്തു. തന്റെ നിയമനവുമായി ബന്ധപ്പെട്ട രേഖകളും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചന്ദ, എവിടെ നിന്നാണ് കേന്ദ്രസർക്കാർ തന്നെ പുറത്താക്കിയതെന്നും ചോദിച്ചു. ഉത്തരേന്ത്യയെ വലയ്ക്കുന്ന നോട്ടുക്ഷാമം, കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മാനഭംഗങ്ങൾ തുടങ്ങിയവയിൽനിന്ന് ശ്രദ്ധ മാറ്റാനുള്ള ശ്രമമാണ് ഈ നടപടിയിലൂടെ മോദി സർക്കാർ ഉന്നം വയ്ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

(Visited 54 times, 1 visits today)