മഴ മരണം ഇരുപത്തിയഞ്ചായി

0

സംസ്‌ഥാനത്തു കാലവര്‍ഷക്കെടുതിയില്‍ മരണം 25 ആയി. പാലക്കാടും താനൂരും രണ്ടുപേരെ ഒഴുക്കില്‍പ്പെട്ടു കാണാതായിട്ടുണ്ട്‌. പത്തനംതിട്ട ജില്ലയില്‍ രണ്ടു പേരും കണ്ണൂരില്‍ ഒരാളുമാണ്‌ മരിച്ചത്‌. പാടത്തെ വെള്ളക്കെട്ടില്‍വീണു തിരുവല്ല നിരണത്ത്‌ കൊല്ലതാഴ്‌ചയില്‍ ഷെരീഫ്‌ (24), കുളിക്കാനിറങ്ങവേ കാല്‍വഴുതിവീണ്‌ ഇസാഖ്‌ എന്നിവരാണു മരിച്ചത്‌.കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി മാക്കൂട്ടത്ത്‌ മരം കടപുഴകി ചെങ്കല്‍ ലോറിയില്‍ വീണ്‌ ലോഡിങ്‌ തൊഴിലാളിയായ ഇരിട്ടി കുന്നോത്ത്‌ ഇരുപത്തി ഒന്‍പതാം മൈല്‍ സ്വദേശി വാഴക്കാല്‍ ഹൗസില്‍ ശരത്താ(27)ണ്‌ മരിച്ചത്‌. കോഴിക്കോട്‌, കണ്ണൂര്‍, പാലക്കാട്‌ ജില്ലകളില്‍ ഉരുള്‍പൊട്ടി. ആളപായമില്ലെങ്കിലും വീടുകളും കൃഷിയും വ്യാപകമായി നശിച്ചു. 200 മീറ്ററോളം റോഡ്‌ ഒലിച്ചുപോയി. കര്‍ണാടക ബ്രഹ്‌മഗിരി മലയിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ ശക്‌തമായ മലവെള്ളപ്പാച്ചില്‍ തലശ്ശേരി-കുടക്‌ അന്തര്‍ സംസ്‌ഥാനപാതയില്‍ ഗതാഗതം തടസപ്പെട്ടു.

കോതമംഗലം ഭൂതത്താന്‍കെട്‌ ഇടമലയാര്‍ റോഡില്‍ കലുങ്ക്‌ ഇടിഞ്ഞുവീണ്‌ ഗതാഗതം തടസപ്പെട്ടു. രണ്ട്‌ ആദിവാസി കുടികളും വടാട്ടുപാറയിലെ പതിനായിരത്തോളം പ്രദേശവാസികളും ഒറ്റപ്പെട്ടു. 16 വരെ എല്ലാ ജില്ലകളിലും മഴയുണ്ടാകുമെന്നാണു കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. കേരളതീരത്തു തിരമാലകളുടെ ഉയരം 3.7 മീറ്റര്‍ വരെയാകാം. കടലില്‍ ശക്‌തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തും കേരള, കര്‍ണാടക തീരങ്ങളിലും പോകരുതെന്നു കാലാവസ്‌ഥാകേന്ദ്രം മുന്നറിയിപ്പു നല്‍കി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇന്നലെ രാവിലെ 126.10 അടിയായിരുന്നു ജലനിരപ്പ്‌. വെള്ളം കുതിച്ചുയരുകയാണ്‌.

(Visited 37 times, 1 visits today)