മോദിയെ ഗിന്നസ് ബുക്കില്‍ എടുക്കണമെന്നാവശ്യപ്പെട്ട് ഗോവ കോണ്‍ഗ്രസ്

0

പനാജി:വിദേശയാത്രകളുടെ എണ്ണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗോവ കോണ്‍ഗ്രസ് ഗിന്ന്‌സ വേള്‍ഡ് റെക്കോര്‍ഡ് അധികൃതര്‍ക്ക് കത്തയച്ചു.

നാലു വര്‍ഷത്തിനിടെ 52 രാജ്യങ്ങളിലേക്കായി 41 യാത്രകള്‍ മോദി നടത്തിയെന്നും 355 കോടി രൂപയാണ് ഇതിനായി ചിലവിട്ടതെന്നും കത്തില്‍ പറയുന്നു. ഗോവയിലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സങ്കല്‍പ് അമോങ്കര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പേര് ഗിന്നസിലേക്ക് നിര്‍ദേശിക്കുന്നതില്‍ ഞങ്ങള്‍ വളരെ അഭിമാനിക്കുന്നു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ കൃത്യമായി അദ്ദേഹം വിനിയോഗിക്കുന്നുണ്ട്. ഇതുവരെ 52 രാജ്യങ്ങളിലേക്കായി 41 യാത്രകള്‍ നടത്തിയിട്ടുണ്ട്.355 കോടിയോളം രൂപയാണ് ഇതിനായി ചിലവഴിച്ചിരിക്കുന്നത്. അതിനാല്‍ എന്തായാലും റെക്കോര്‍ഡില്‍ ഇടം നല്‍കണം’. ഇതാണ് കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് അമോങ്കറിന്റെ പരിഹാസം.

മാത്രമല്ല ഭാവിതലമുറയ്ക്ക് അദ്ദേഹം മികച്ച മാതൃകയാണെന്നും പറയുന്നു. മോദിയുടെ ഭരണകാലത്താണ് രൂപയുടെ മൂല്യം 69 കടന്നതെന്നും അദ്ദേഹം മോദിയെ വിമര്‍ശിച്ച് പറയുന്നു.