ഇതെന്തുകഥ: പെണ്‍കുട്ടികള്‍ കൂട്ടത്തോടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരാവുന്നു !

0

പുരുഷ അസ്ഥിത്വമുള്ള പെണ്‍കുട്ടികള്‍ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ വഴി ആണായി മാറുന്നത് സ്വഭാവികമാണെങ്കിലും ഇങ്ങനെ യാതൊരു പ്രശ്‌നങ്ങളും ഇല്ലാത്ത പെണ്‍കുട്ടികളുടെ വര്‍ധിച്ചു വരുന്ന ലിംഗമാറ്റ ശസ്ത്രക്രിയകള്‍ ബ്രിട്ടനെ ആശങ്കപ്പെടുത്തുകയാണ്.ലിംഗമാറ്റത്തിലൂടെ ആണാകുന്നവരുടെ എണ്ണം ഏറിയതോടെ അന്വേഷണത്തിന് സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു. നാലുവയസ്സുള്ള പെണ്‍കുട്ടികള്‍പോലും ലിംഗമാറ്റത്തിന് തയ്യാറാവുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് ഈക്വാലിറ്റി മിനിസ്റ്റര്‍ പെന്നി മോര്‍ഡന്റ് അന്വേഷണ സമിതിയെ നിയോഗിച്ചത്. ലിംഗമാറ്റ ചികിത്സയ്ക്ക് വിധേയരാകുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ 4415 ശതമാനത്തോളം വര്‍ധനയാണ് സമീപകാലത്തുണ്ടായിരിക്കുന്നത്. ഇതിന് പിന്നില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനമുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്.

മനഃശ്ശാസ്ത്രജ്ഞരും സ്വഭാവരൂപീകരണത്തെക്കുറിച്ച് പഠിക്കുന്ന വിദഗ്ധരുമുള്‍പ്പെട്ട വിദഗ്ധരാണ് ഇതേക്കുറിച്ച് പഠിക്കുന്നത്. ആധുനികലോകത്ത് ആണ്‍കുട്ടികള്‍ക്ക് ജീവിതം കുറേക്കൂടി എളുപ്പമാണെന്ന ധാരണ പരന്നതാണ് ഇത്തരമൊരു പ്രവണതയ്ക്ക് ആക്കം കൂട്ടിയതെന്നാണ് വിലയിരുത്തല്‍. ഹോര്‍മോണ്‍ ചികിത്സയുള്‍പ്പെടെ ലിംഗമാറ്റത്തിനുള്ള ചികിത്സയ്ക്ക് വിധേയരാകുന്നവരുടെ എണ്ണം 2009-10 കാലയളവില്‍ 97 ആയിരുന്നെങ്കില്‍ 2017-18 കാലയളവില്‍ അത് 2519 ആയി വര്‍ധിച്ചു. ഇതില്‍ പെണ്‍കുട്ടികളുടെ എണ്ണത്തിലാണ് വന്‍തോതിലുള്ള വര്‍ധന. 40-ല്‍നിന്ന് 1806 ആയി.

ഇത്തരം ലിംഗമാറ്റ ചികിത്സയ്ക്കു കിട്ടുന്ന പ്രചാരവും പെണ്‍കുട്ടികളുടെ കൂട്ടത്തോടെയുള്ള ലിംഗമാറ്റ പ്രവണതയ്ക്ക് ആക്കം കൂട്ടുന്നതായി വിലയിരുത്തപ്പെടുന്നു. ചികിത്സാ കാലയളവില്‍ തന്റെ ജീവിതത്തിലുണ്ടായ ഓരോ മാറ്റമാറ്റങ്ങളും യുട്യൂബിലൂടെ പങ്കുവെച്ച അലക്സ് ബെര്‍ട്ടിയെന്ന ട്രാന്‍സ്ബോയിയെ മൂന്നുലക്ഷത്തോളം പേരാണ് യുട്യൂബില്‍ ഫോളോ ചെയ്യുന്നത്. സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തില്‍പ്പെട്ടാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ ലിംഗമാറ്റത്തിന് തത്പരരായി എത്തുന്നതെന്നും കരുതുന്നു.

ആണ്‍-പെണ്‍ ബോധം എത്തിയിട്ടില്ലാത്ത കൊച്ചു കുട്ടികള്‍വരെ ലിംഗമാറ്റത്തിന് തല്‍പരരായി എത്തുന്നുവെന്ന കാര്യവും ശ്രദ്ധേയമാണ്. ഇപ്പോള്‍ ചികിത്സയ്ക്ക് വിധേയരാകുന്നവരില്‍ 45 പേര്‍ ആറുവയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ഇതിലേറ്റവും പ്രായം കുറഞ്ഞ കുട്ടിക്ക് നാല് വയസ്സാണ് പ്രായം. മറ്റു രാജ്യങ്ങളിലും ഇതേ പ്രവണതയുണ്ടെങ്കിലും കൂടുതല്‍ പെണ്‍കുട്ടികള്‍ ലിംഗമാറ്റത്തിന് സജ്ജരായെത്തുന്നത് യൂറോപ്പില്‍ ബ്രിട്ടനിലാണെന്നും ഇക്വാലിറ്റി മന്ത്രാലയം കണക്കാക്കുന്നു.

ആണ്‍കുട്ടികളാവുമ്പോള്‍ സമൂഹത്തില്‍ കൂടുതല്‍ സ്വതന്ത്രരായി ജീവിക്കാം എന്ന മിഥ്യാധാരണയാണ് പെണ്‍കുട്ടികള്‍ക്കുള്ളതെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു. സോഷ്യല്‍ മീഡിയയും ഇക്കാര്യത്തില്‍ സ്വാധീനം ചെലുത്തുന്നു. ഇത്തരത്തില്‍ ലിംഗമാറ്റത്തിന് അനുകൂലമാണെന്ന് അഭിപ്രായപ്പെട്ട ബ്രിട്ടനിലെ മൂന്നില്‍ രണ്ട് കുട്ടികളും കൗമാരക്കാരും കടുത്ത മാനസിക സമ്മര്‍ദ്ദം നേരിടുന്നതായും അടുത്തിടെ നടത്തിയ ഒരു സര്‍വേയില്‍ കണ്ടെത്തിയിരുന്നു.63 ശതമാനത്തോളം പേരാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത് ഇവരില്‍ വലിയൊരു വിഭാഗം അസ്തിത്വപ്രശ്നം നേരിടുന്നതായും സര്‍വേയില്‍ കണ്ടെത്തി. ജീവിതത്തില്‍ കുട്ടിക്കാലത്ത് ഉണ്ടായ അനുഭവങ്ങളും മറ്റുമാണ് ഇവരിലേറെപ്പേരെയും ലിംഗമാറ്റത്തിന് അനുകൂലമായ രീതിയില്‍ ചിന്തിപ്പിക്കുന്നതെന്ന് സര്‍വേ സൂചിപ്പിക്കുന്നു

(Visited 287 times, 1 visits today)