ചായയ്ക്ക് നീല നിറം,ചോറിന് കറുപ്പ് നിറം വെറൈറ്റി ഒരുക്കി ഗഡീസ് ഊട്ടുപുര

0

നീല നിറമുള്ള ചായ, കറുപ്പ് നിറമുള്ള ചോറ് വെറൈറ്റി എന്ന് പറഞ്ഞാല്‍ ഇതാണ് ഒരു ഒന്ന് ഒന്നര വെറൈറ്റി.ആരും അന്തം വിടണ്ട വിദേശത്തൊന്നുമല്ല ഇത് നമ്മുടെ തൃശ്ശൂരിലെ ഗഡീസ് ഊട്ടുപുരയിലെ കാഴ്ച്ചയാണ്.

ഈ വിഭവം അന്വേഷിക്കുന്നവരോട് നടനും നിര്‍മ്മാതാവുമായ അരുണ്‍ ഘോഷ് പറയുന്നത് ‘മ്മടെ തൃശ്ശൂര് ഗഡീസിലേക്ക് പോരൂട്ടോ… നല്ല അസ്സല് നീല ചായ കുടിക്കാം…’

ചില്ലു ഗ്ലാസില്‍ നീല നിറം പൂശിയ അഴകൊത്ത ബ്ലൂ ടീ. ഈ മലേഷ്യക്കാരി സുന്ദരി തീര്‍ത്തും ഓര്‍ഗാനിക് , കഫീനില്ല, അതുപോലെ ഔഷധഗുണങ്ങളാല്‍ സമ്പന്നമാണ് ബ്ലൂ ടീ എന്നറിയപ്പെടുന്ന ബട്ടര്‍ഫ്‌ളൈ പീ ടീ. മലയാളികള്‍ക്കു മനസ്സിലാകുന്ന രീതിയില്‍ പറഞ്ഞാല്‍ ശംഖുപുഷ്പമാണ് ഇതിന്റെ പ്രധാന ചേരുവ. ചായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ശരീരത്തിലെ കൊഴുപ്പും കൊളസ്‌ട്രോളും ഇല്ലാതാക്കും. ഓര്‍മ്മശക്തി വര്‍ധിപ്പിക്കും, ഉത്കണ്ഠ, പ്രമേഹം, ആസ്മ എന്നീ അസുഖങ്ങള്‍ക്ക് ഫലപ്രദം കൂടിയാണിത്. അഞ്ചു ഗ്രീന്‍ ടീ കുടിക്കുന്നതിന് സമമാണ് ഒരു ടീയെന്നും പറയുന്നു. 50 രൂപയാണ് വില.

‘തൃശ്ശൂരില്‍ ഗഡീസ് ഊട്ടുപുരയെന്ന പേരില്‍ ഞാനീ റസ്റ്ററന്റ് തുടങ്ങിയിട്ട് മൂന്നു മാസത്തോളമായി. ഇവിടെ ചായ കുടിക്കാന്‍ വരുന്നവര്‍ക്കെല്ലാം ഒരു കാര്യത്തില്‍ നിര്‍ബന്ധമുണ്ട്. ചായയ്ക്കൊപ്പം ഒരു സെല്‍ഫി മസ്റ്റാണ്. ബ്ലൂ ടീയാണ് അവരുടെ കോ- സ്റ്റാര്‍. മുതിര്‍ന്നവര്‍ മാത്രമല്ല കോളജ്, സ്‌കൂള്‍ കുട്ടികള്‍ വരെ ഇപ്പോള്‍ ബ്ലൂ ടീയുടെ ആരാധകരാണ്.

ഒരുപക്ഷെ ഞങ്ങളായിരിക്കും കേരളത്തില്‍ ആദ്യമായി ബ്ലൂ ടീ പരിചയപ്പെടുത്തുന്നത്. സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ബട്ടര്‍ഫ്ളൈ പീ ഫ്‌ളവര്‍ ആണ് ചായയുണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. പിന്നെ ഇവിടുത്തെ ബ്ലൂ ടീയ്ക്ക് ഒരു ചെറിയ വ്യത്യാസം കൂടിയുണ്ട്. ഇത് സെര്‍വ് ചെയ്യുമ്പോള്‍ മാത്രമായിരിക്കും നീല നിറം. കുടിക്കുന്ന സമയത്ത് നല്ല പര്‍പ്പിള്‍ കളാറാകും. ചായയില്‍ മധുരത്തിനായി പഞ്ചസാരയ്ക്ക് പകരം തേന്‍ ചേര്‍ക്കും, ഒപ്പം നാരങ്ങാനീരും. ഇതാണ് ബ്ലൂ ടീയുടെ നിറം മാറ്റത്തിന്റെ ടെക്നിക്.’

ഡീസിലെ മറ്റൊരു വ്യത്യസ്ത വിഭവമാണ് ബ്ലാക്ക് റൈസ് ഫ്രൈഡ് റൈസ് വിത്ത് ഫ്രൈഡ് എഗ്ഗ്. കാഴ്ചയ്ക്ക് സുന്ദരനൊന്നുമല്ലെങ്കിലും ആരോഗ്യത്തിന് കേമനാണ്. ബ്ലാക് റൈസ് ഇതുപയോഗിച്ച് ഉണ്ടാക്കുന്ന പോഷകസമ്പുഷ്ടമായ വിഭവമാണ് ബ്ലാക്ക് റൈസ് ഫ്രൈഡ് റൈസ് വിത്ത് ഫ്രൈഡ് എഗ്ഗ്. ആയൂര്‍വേദത്തിന്റെ യഥാര്‍ത്ഥ ഗുണങ്ങളുള്ള ഈ അരിയില്‍ പച്ചക്കറിയാണ് ചേര്‍ക്കുക. മഷ്റൂമാണ് പ്രധാന ചേരുവ. മുകളിലായി രണ്ടു എഗ് ബുള്‍സൈ വച്ച് അലങ്കരിക്കും. ഭൂട്ടാന്‍, ബര്‍മ്മ, ചൈന എന്നിവിടങ്ങളില്‍ സുലഭമായ അരിയാണ് ബ്ലാക്ക് റൈസ്. ഇന്ത്യയില്‍ മണിപ്പൂര്‍, മേഘാലയ എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. 240 രൂപയാണ് ഒരു പ്‌ളേറ്റിന്.

തൃശ്ശൂര്‍ മിഷന്‍ കോര്‍ട്ടേഴ്സ് റോഡിലാണ് ഗഡീസ് ഊട്ടുപുര. ഈ സ്ഥാപനത്തെ കുറിച്ചു പറയുമ്പോള്‍ മറ്റൊരു വേദനിപ്പിക്കുന്ന ഓര്‍മ്മ കൂടിയുണ്ട് അരുണ്‍ ഘോഷിന്. തന്റെ സുഹൃത്തും പാര്‍ട്ണറുമായ ബിജോയ് ചന്ദ്രനുമായി ചേര്‍ന്നാണ് ഗഡീസ് ഊട്ടുപുരയെന്ന സംരംഭം ആരംഭിക്കുന്നത്. ഇരുവരും ചേര്‍ന്ന് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എന്നാല്‍ സ്ഥാപനം തുടങ്ങുന്നതിന് ഒരു മാസം മുന്‍പേ ബിജോയ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.

‘ബിജോയും ഞാനും ഒരുമിച്ചു കണ്ട സ്വപ്നമായിരുന്നു ഗഡീസ് ഊട്ടുപുര. ഞങ്ങളുടെ സൗഹൃദത്തില്‍ നിന്നാണ് ഈ പേരു പോലും ഉണ്ടായത്. സൗഹൃദത്തിന്റെ സ്വാദ് എന്നാണ് ഗഡീസ് അറിയപ്പെടേണ്ടത്. ഇന്നത് നല്ല രീതിയില്‍ മുന്നോട്ടു പോകുമ്പോള്‍ സന്തോഷമുണ്ട്. അരുണ്‍ പറയുന്നു.

അരുണിന്റെ സഹോദരന്‍ വരുണ്‍ ഘോഷ്, കസിന്‍ പ്രവീണ്‍ ഘോഷ് എന്നിവരാണ് ഗഡീസിന്റെ സാരഥികള്‍. വെള്ളരിപ്രാവിന്റെ ചങ്ങാതി, റോമന്‍സ്, ഉത്സാഹക്കമ്മറ്റി, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, ജോര്‍ജ്ജേട്ടന്‍സ് പൂരം, വികടകുമാരന്‍ തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച ചാന്ദ്വി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ഗഡീസ് ഊട്ടുപുര.

(Visited 172 times, 1 visits today)