ചോക്സിയുടെ അഭിഭാഷകന് സീറ്റുനൽകി കോൺഗ്രസ്; റെഡ്ഡി സഹോദരന് ബിജെപി സീറ്റ്

0

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടതിനു പിന്നാലെ, സ്ഥാനാർഥി തിരഞ്ഞെടുപ്പിനെ പരിഹസിച്ചും പരസ്പരം പഴിചാരിയും കോൺഗ്രസും ബിജെപിയും. പഞ്ചാബ് നാഷനൽ ബാങ്ക് തട്ടിപ്പിലെ പ്രധാന പ്രതികളിലൊരാളായ ഗീതാഞ്ജലി ഗ്രൂപ്പ് ഉടമ മെഹുൽ ചോക്സിയുടെ അഭിഭാഷകൻ എച്ച്.എസ്. ചന്ദ്രമൗലിക്ക് സീറ്റു നൽകിയതിനാണ് ബിജെപി കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കിയത്. അതേസമയം, അഴിമതിക്കേസുകളിൽ ഉൾപ്പെട്ട മുൻ മന്ത്രി ജനാർദൻ റെഡ്ഡിയുടെ സഹോദരൻ സോമശേഖർ റെഡ്ഡിക്ക് സീറ്റു നൽകിയ ബിജെപി നടപടിയെ ചോദ്യം െചയ്ത് കോൺഗ്രസും രംഗത്തെത്തി.

മെഹുൽ ചോക്സിയുടെ അഭിഭാഷകനായ ചന്ദ്രമൗലിക്ക് സീറ്റു നൽകിയതിലൂടെ കോൺഗ്രസും നീരവ് മോദിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണു വെളിച്ചത്തു വന്നതെന്ന് ബിജെപി ആരോപിച്ചു. കോൺഗ്രസ് സീറ്റു നിഷേധിച്ച മുതിർന്ന നേതാക്കളുടെ പേരെടുത്ത് പറ‍ഞ്ഞ്, ചന്ദ്രമൗലിയുടെ സ്ഥാനാർഥിത്വത്തെ ബിജെപി നേതാക്കൾ പരിഹസിച്ചു.

നീരവ് മോദിയുടെ ബന്ധുവായ മെഹുൽ ചോക്സിയുടെ അഭിഭാഷകനെ മടിക്കേരിയിൽനിന്നു മൽസരിപ്പിക്കാൻ മാത്രം എന്തു പ്രത്യേകതയാണുള്ളതെന്നു കർണാടകയിലെ ബിജെപി ഐടി വിഭാഗം മേധാവി അമിത് മാൾവ്യ ചോദിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിയമോപദേശകനും പാർട്ടി വക്താവുമായ ബ്രിജേഷ് കാലപ്പയ്ക്ക് സീറ്റു നിഷേധിച്ച് ചന്ദ്രമൗലിക്കു സീറ്റു നൽകിയതിനെയും അമിത് ചോദ്യം ചെയ്തു. മുഖ്യമന്ത്രിയുടെ സഹായിയേക്കാൾ പ്രാധാന്യം രാഹുൽ ഗാന്ധിയുടെ സുഹൃത്തുക്കൾക്കാണെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം, അഭിഭാഷകനെന്ന നിലയിൽ തന്റെ സേവനം തേടി പലരും വന്നിട്ടുണ്ടാകാമെന്നും, മെഹുൽ ചോക്സിയുമായി യാതൊരുവിധ വ്യക്തിബന്ധവുമില്ലെന്നും ചന്ദ്രമൗലി പ്രതികരിച്ചു. ‘35 വർഷമായി അഭിഭാഷകനായി ജോലി ചെയ്യുന്നു. അതിനിടെ കേസിന്റെ ആവശ്യങ്ങൾക്കായി പലരും വന്നിരിക്കാം. അഭിഭാഷകനെന്ന നിലയിൽ കക്ഷികളെ പ്രതിരോധിക്കുന്നത് എന്റെ ജോലിയാണ്. ചോക്സിയുടെ മാത്രം അഭിഭാഷകനല്ല ഞാൻ. എന്റെ ഒരുപാട് കക്ഷികളിൽ ഒരാളാണ് ചോക്സി. ഞാൻ നേരിട്ട് അദ്ദേഹത്തെ കാണുകയോ കാണാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല’ – ചന്ദ്രമൗലി വ്യക്തമാക്കി.

ബ്രിജേഷ് കാലപ്പ അടുത്ത സുഹൃത്താണെന്നും അദ്ദേഹം തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിൽ താൻ പിന്തുണച്ചേനേയെന്നും ചന്ദ്രമൗലി പറഞ്ഞു. അതിനിടെ, ചോക്സി വിവാദത്തിന്റെ പശ്ചാത്തലത്തിൽ മടിക്കേരി സീറ്റിലെ സ്ഥാനാർഥി പ്രഖ്യാപനം കോൺഗ്രസ് തൽക്കാലത്തേക്കു റദ്ദാക്കിയതായി അഭ്യൂഹമുയർന്നെങ്കിലും, കോൺഗ്രസ് ഔദ്യോഗികമായി ഇതു തള്ളിക്കളഞ്ഞു. ചോക്സി ബന്ധത്തിന്റെ കാര്യത്തിൽ ചന്ദ്രമൗലി നിലപാട് വ്യക്തമാക്കിക്കഴിഞ്ഞതാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

കർണാടകയിലെ ബിജെപി സ്ഥാനാർഥികളുടെ രണ്ടാം പട്ടിക പുറത്തുവന്നതിനു പിന്നാലെ ജനാർദൻ റെഡ്ഡിയുടെ സഹോദരന് സീറ്റു നൽകിയതിനെ ചോദ്യം ചെയ്ത് കോൺഗ്രസും രംഗത്തെത്തി. അഴിമതിക്കേസുകളിൽ ഉൾപ്പെട്ട റെഡ്ഡി സഹോദരൻമാരിൽ ഒരാൾക്ക് സീറ്റു നൽകിയതിലൂടെ രാജ്യം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് യെഡിയൂരപ്പയുടേതെന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ‘പ്രഖ്യാപനം’ ശരിയാണെന്നു തെളിഞ്ഞിരിക്കുകയാമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് നാക്കു പിഴച്ച അമിത് ഷാ, രാജ്യം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് യെഡിയൂരപ്പയുടേതെന്നു പറഞ്ഞത്.