രാജ്യസഭാംഗത്വം നഷ്‌ടപ്പെട്ടതിന്റെ കൊതിക്കെറുവ്‌ ; പ്രതിരോധം തീര്‍ത്ത്‌ ഗ്രൂപ്പുകള്‍

0

രാജ്യസഭാംഗത്വം നഷ്‌ടപ്പെട്ടതിന്റെ കൊതിക്കെറുവ്‌ – വി.എം. സുധീരന്‍ പൊട്ടിത്തെറിച്ചതിനെ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ വ്യാഖ്യാനിക്കുന്നത്‌ ഇങ്ങനെയാണ്‌. വിമതശബ്‌ദമായി മാറിയ സുധീരനെതിരേ ഹൈക്കമാന്‍ഡിനു മുന്നിലേക്കാണു യാത്ര.പാര്‍ട്ടിയുടെ ഭാവി പോലും നോക്കാതെ മുന്നോട്ടുപോകുന്ന സുധീരനെ നിലയ്‌ക്കുനിര്‍ത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ എ ഗ്രൂപ്പാണു പരാതിയുമായി ഡല്‍ഹിക്കു പോകുന്നത്‌.പി.ജെ. കുര്യന്‍ ഒഴിവാക്കപ്പെടുമ്ബോള്‍ രാജ്യസഭയിലേക്കു നേതൃത്വം സുധീരനെ പരിഗണിച്ചേക്കുമെന്നു പൊതുവേ പ്രതീക്ഷിച്ചിരുന്നു. തനിക്കു താല്‍പര്യമില്ലായിരുന്നുവെന്ന്‌ സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട്‌ ആവര്‍ത്തിക്കുമ്ബോഴും അദ്ദേഹം ഈ പദവി ആഗ്രഹിച്ചിരുന്നുവെന്ന പ്രചാരണമാണ്‌ എ, ഐ ഗ്രൂപ്പുകള്‍ നടത്തുന്നത്‌.

രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ എല്ലാ വിശദീകരണവും നടത്തിയിട്ടും സുധീരന്‍ അടങ്ങാത്തത്‌ ഇതിന്റെ പേരിലാണെന്നാണ്‌ ആരോപണം. സുധീരന്റെ താല്‍പര്യത്തില്‍ സംശയിക്കേണ്ടിയിരിക്കുന്നു എന്ന്‌ കെ.സി. ജോസഫ്‌ പറഞ്ഞത്‌ ഇതിന്റെ സൂചനയാണ്‌.ഉമ്മന്‍ ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ അദ്ദേഹം പ്രവര്‍ത്തക സമിതിയില്‍ എത്തുന്നതിനു തടയിടാനാണെന്നും പ്രതിപക്ഷം ദുര്‍ബലമായെന്ന കുറ്റപ്പെടുത്തലിന്റെ ലക്ഷ്യം പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയാണെന്നും ഗ്രൂപ്പുകള്‍ കരുതുന്നു.വിവാദങ്ങളെല്ലാം അവസാനിപ്പിച്ച്‌ ഒറ്റക്കെട്ടായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിനും സുധീരന്‍ തടസമാകുമെന്നു പരാതിപ്പെടാനാണ്‌ എ, ഐ നേതാക്കളുടെ നീക്കം.

(Visited 99 times, 1 visits today)