കപ്പല്‍ ശാല അപകടം: മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്ത് ലക്ഷം നഷ്ടപരിഹാരം

0

കപ്പല്‍ശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷംവീതം അടിയന്തര സഹായം നല്‍കുമെന്ന് കൊച്ചി കപ്പല്‍ശാല അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്നും സുരക്ഷാ വീഴ്ച സംഭവിച്ചോ എന്നതടക്കം അന്വേഷിക്കുമെന്നും കപ്പല്‍ശാലാ ചെയര്‍മാന്‍ മധു എസ് നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അപകടത്തില്‍ അഞ്ചുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വൈപ്പിന്‍ സ്വദേശി റംഷാദ്, ഏരൂര്‍ സ്വദേശികളായ കണ്ണന്‍, ഉണ്ണി, തേവര സ്വദേശി ജയന്‍, കോട്ടയം സ്വദേശി ശിവന്‍ എന്നിവരാണ് മരിച്ചത്. മൂന്നുപേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. ഇതില്‍ ഒരാള്‍ 45 ശതമാനം പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പൊള്ളലേറ്റ മറ്റുള്ളവരെല്ലാം അപകടനില തരണം ചെയ്തുവെന്നും കപ്പല്‍ശാല ചെയര്‍മാന്‍ അറിയിച്ചു.

നാലുമാസത്തെ അറ്റകുറ്റപ്പണിക്കായി ഡിസംബറില്‍ എത്തിയ കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. വാതക ചോര്‍ച്ചയാണ് പൊട്ടിത്തറിക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. രാവിലെ 9.15 ഓടെയാണ് പൊട്ടിത്തെറി നടന്നത്. വാതക ചോര്‍ച്ച സംബന്ധിച്ച വിവരം അഗ്നിശമന സേനാ വിഭാഗത്തില്‍ അറിയിച്ചിരുന്നു. അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തുമ്ബോഴേക്കും സ്ഫോടനം നടന്നു.

സംഭവത്തെപ്പറ്റി കപ്പല്‍ശാല ആഭ്യന്തര അന്വേഷണം നടത്തും. അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്. ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സ് വകുപ്പും ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങും അന്വേഷണം നടത്തുമെന്നും കപ്പല്‍ശാലാ ചെയര്‍മാന്‍ അറിയിച്ചു. കേന്ദ്ര ഷിപ്പിങ് മന്ത്രാലയ അധികൃതര്‍ അടക്കമുള്ളവരെ കപ്പല്‍ശാലാ അധികൃതര്‍ വിവരം അറിയിച്ചിട്ടുണ്ട്. ഷിപ്പിങ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ പ്രതിനിധി കപ്പല്‍ശാല സന്ദര്‍ശിക്കും.

(Visited 17 times, 1 visits today)