കാണാതായ യുവതിയുടെ കോടികള്‍ വിലയുള്ള വസ്‌തുക്കള്‍ വില്‍പ്പന നടത്തിയത്‌ വ്യാജ മുക്‌ത്യാര്‍ ഉപയോഗിച്ച്‌

0

കാണാതായ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭന്റെ കോടികള്‍ വിലയുള്ള വസ്‌തുക്കള്‍ വില്‍പ്പന നടത്തിയത്‌ വ്യാജ മുക്‌ത്യാര്‍ ഉപയോഗിച്ചാണെന്നു കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്‌ഥനായ കുത്തിയതോട്‌ സി.ഐ. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്‌ നല്‍കിയതായി ഡിവൈ.എസ്‌.പി എ.ജി. ലാല്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വിശദമായി പരിശോധിച്ചശേഷം ഇന്നു ജില്ലാ പോലീസ്‌ മേധാവിയുമായി ചര്‍ച്ചചെയ്‌ത്‌ അറസ്‌റ്റ്‌ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക്‌ നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പോലീസ്‌ നടപടി ഇഴയുന്നത്‌ പ്രതികള്‍ക്കു രക്ഷപ്പെടാനുള്ള അവസരം ഒരുക്കുന്നതിനും മുന്‍കൂര്‍ ജാമ്യം നേടുന്നതിനുമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്‌. ബിന്ദു പത്മനാഭനെന്ന പേരില്‍ രജിസ്‌ട്രാര്‍ ഓഫിസിലെത്തി മുക്‌ത്യാറില്‍ ഒപ്പിട്ടതായി കുറ്റസമ്മതം നടത്തിയ കുറുപ്പംകുളങ്ങര സ്വദേശിനിയെ പോലീസ്‌ ചോദ്യം ചെയ്‌തിട്ടില്ല. തനിക്കു വധഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടതായും വിവരമുണ്ട്‌.
കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണു നിഗമനം.

എറണാകുളത്തെയും ചേര്‍ത്തലയിലേയും ചിലര്‍ പോലീസ്‌ നിരീക്ഷണത്തിലാണ്‌. ബിന്ദു പത്മനാഭന്‍ ജീവിച്ചിരിപ്പുണ്ടോയെന്നതിലും വ്യക്‌തത വരുത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. അഞ്ചു വര്‍ഷമായി ഇവര്‍ കുടുംബ പെന്‍ഷന്‍ കൈപ്പറ്റുന്നില്ലെന്നു കണ്ടെത്തിയിട്ടുണ്ട്‌.
സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനായിരുന്ന പിതാവിന്റെ കുടുംബ പെന്‍ഷനാണ്‌ അവിവാഹിതയായ ബിന്ദുവിന്‌ ലഭിച്ചിരുന്നത്‌. നേരത്തെ ട്രഷറിയില്‍ എത്തിയാണ്‌ പെന്‍ഷന്‍ വാങ്ങിയിരുന്നത്‌. വ്യാജ വില്‍പത്രവും മറ്റു രേഖകളും ചമച്ച്‌ കോടികളുടെ സ്വത്തുക്കള്‍ കൈക്കലാക്കിയശേഷം സഹോദരിയെ കൊലപ്പെടുത്തിയതായി സംശയിക്കുന്നതായി കാട്ടി വിദേശത്തുള്ള സഹോദരന്‍ കടക്കരപ്പള്ളി ആലുങ്കല്‍ പത്മ നിവാസില്‍ പി. പ്രവീണ്‍ കുമാര്‍ നല്‍കിയ പരാതിയിലാണ്‌ അന്വേഷണം നടക്കുന്നത്‌.

(Visited 72 times, 1 visits today)