അടുത്ത അധ്യയന വർഷം മികവിന്റെ വർഷം: സി. രവീന്ദ്രനാഥ്

0

വരുന്ന അധ്യയന വർഷം മികവിന്റെ വർഷമായി ആചരിക്കാനാണു തീരുമാനമെന്നു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. കുട്ടികൾക്കു മികച്ച വിദ്യാഭ്യാസത്തിന് അവസരമൊരുക്കുമ്പോൾ അവരുടെ രക്ഷിതാക്കൾ ഉൾപ്പെടുന്ന പൊതുസമൂഹം പൊതു വിദ്യാലയങ്ങളുടെ ആവശ്യകത തിരിച്ചറിയുകയും കുട്ടികളോടൊപ്പം സഞ്ചരിക്കുകയും വേണം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണ്.

ക്ലാസ് മുറികൾ ഹൈടെക് ആക്കിയും സ്കൂൾ ലൈബ്രറികൾ നവീകരിച്ചും സ്കൂൾ കെട്ടിടങ്ങൾ മികവുറ്റതാക്കിയും പൊതു വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യം മെച്ചപ്പെടുത്തുകയാണു സർക്കാർ. വിദ്യാഭ്യാസ ഗുണനിലവാരം വർദ്ധിപ്പിക്കാനുള്ള നടപടികളും സമാന്തരമായി നടക്കുന്നു. ഇതിന്റെ ഫലമായി പൊതു വിദ്യാലയങ്ങളിലേക്കു കുട്ടികൾ ധാരാളമായി കടന്നു വരാൻ തുടങ്ങി. കഴിഞ്ഞ അധ്യയന വർഷാരംഭത്തിൽ 1,46,000 കുട്ടികളാണ് വിവിധ ക്ലാസുകളിൽ പുതിയതായി എത്തിയത്.

കേരളം സമ്പൂർണ സാക്ഷരത നേടിയ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടതിന്റെ ഇരുപത്തിയേഴാം വാർഷികമാണിപ്പോൾ. 1991 ഏപ്രിൽ 18 നാണ് സമ്പൂർണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം മാറിയത്. ലോക ശ്രദ്ധയാകർഷിച്ച ജനകീയ സംരംഭമായ സാക്ഷരതായജ്ഞത്തിലൂടെയാണ് ആ അഭിമാനം സ്വന്തമായത്. രണ്ടരപ്പതിറ്റാണ്ടിനിപ്പുറവും സമ്പൂർണ സാക്ഷരത എന്ന നേട്ടം നിലനിർത്തിപ്പോരുന്ന സംസ്ഥാനമാണു നമ്മുടേത്. 2011 ലെ സെൻസസ് അനുസരിച്ച് 93.94 ശതമാനമാണ് കേരളത്തിന്റെ സാക്ഷരത. 90% സാക്ഷരത നേടാനായാൽ സമ്പൂർണ സാക്ഷരത കൈവരിച്ചതായി കണക്കാക്കപ്പെടും. എന്നാൽ, കേരളം പരിപൂർണ സാക്ഷരത ലക്ഷ്യമാക്കുന്നു.

അതിനു സാക്ഷരത നിലനിർത്തി തുടർവിദ്യാഭ്യാസം സാധ്യമാക്കണം. അതിനായാണ് 1998ൽ അന്നത്തെ എൽഡിഎഫ് സർക്കാർ സാക്ഷരതാ മിഷനു രൂപം നൽകിയത്. കേരളത്തിൽ നിരക്ഷരതയുടെ തുരുത്തുകൾ പോലും അവശേഷിക്കരുത് എന്നാണ് ആഗ്രഹം. അതിന് ഉതകുന്ന വിധത്തിൽ സാക്ഷരതയുടെ തുടർസാധ്യത പ്രയോജനപ്പെടുത്തി അനൗപചാരിക വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തി വരികയാണ്. ഇന്ത്യയിലാദ്യമായി നമ്മുടെ സംസ്ഥാനമാണ് ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

(Visited 28 times, 1 visits today)