എന്‍ഡിഎയില്‍ തുടരണോ എന്ന് ആലോചിക്കും; സി.കെ ജാനു

0

എന്‍ഡിഎയില്‍ മുന്നണി മര്യാദ പാലിക്കുന്നില്ലെന്നും ഘടകക്ഷികള്‍ക്ക് പരിഗണന ലഭിക്കുന്നില്ലെന്നും തുറന്നടിച്ച് ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സി.കെ. ജാനു. രാജ്യസഭാ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം ബിഡിജെഎസ് പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളിയെ അവസാന നിമിഷം ഒഴിവാക്കിയത് ശരിയായില്ലെന്നും സി.കെ. ജാനു പറഞ്ഞു. എന്‍ഡിഎയില്‍ മുന്നണി സഖ്യത്തിന് പ്രാധാന്യം നല്‍കുന്നില്ല. ബിജെപിയും ബിഡിജെഎസും മാത്രമല്ല എന്‍ഡിഎ. നിരവധി കക്ഷികളുണ്ട്. സഖ്യകക്ഷികളെ കൂടെ നിര്‍ത്തേണ്ടതും എന്‍ഡിഎ എന്ന മുന്നണിയെ നില നിര്‍ത്തേണ്ടതും പ്രധാന കക്ഷിയെന്ന നിലയ്ക്ക് ബിജെപിയാണ്. എന്നാല്‍ അത്തരമൊരു ഇടപെടല്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്ന് ജാനു ആരോപിച്ചു.
ബിജെപിയുടെ അവഗണന തുടരുമ്പോള്‍ എന്‍ഡിയുമായി തുടര്‍ന്ന് പോകാനാവുമോ എന്ന് ആലോചിക്കേണ്ടതുണ്ട്. ജനാധിപത്യ രാഷ്ട്രീയ സഭയുടെ ഉന്നത സ്ഥാനത്തിരിക്കുന്നത് കൊണ്ട് വ്യക്തിപരമായ ഒരു പ്രതികരണം നടത്താനാവില്ല. നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും സി.കെ. ജാനു വ്യക്തമാക്കി.
കേരളത്തിലെ ആദിവാസി മൂവ്മെന്‍റുകള്‍ ഒരുമിച്ച് നില്‍ക്കണം. ആദിവാസികളും ദളിതരുമാണ് ഏറ്റവും കൂടുതല്‍ ചൂഷണത്തിന് ഇരകളാകുന്നത്. ഇരകളെല്ലാം ഒരുമിച്ച് നിന്ന് പോരാടണം. ഇടത് വലത് മുന്നണികള്‍ക്കും, ഗ്രൂപ്പുകള്‍ക്കും വീതം വയ്ക്കാനായി ആദിവാസി സമൂഹം നിന്ന് കൊടുക്കരുത്. അതിന് വേണ്ടിയാണ് ജനാധിപത്യ രാഷ്ട്രീയ സഭയെന്ന പാര്‍ട്ടി രൂപീകരിച്ചത്. ആദിവാസി ഗോത്രമഹാസഭയും മറ്റ് സംഘടനകളെയുമെല്ലാം ഒരുമിച്ച് കൂട്ടി ശക്തമാകേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. ഭാവിയില്‍ അത്തരം വലിയൊരു പ്രക്ഷോഭം ഉണ്ടാകേണ്ടതുണ്ടെന്നും ജാനു പറഞ്ഞു.

(Visited 18 times, 1 visits today)