ബസ് ചാര്‍ജ് വര്‍ദ്ധനയ്ക്കെതിരെ എബിവിപി സമരത്തിന്

0

ബസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരം നടത്തുമെന്ന് എബിവിപി. ബസ് ചാര്‍ജ് വര്‍ധനവ് സാധാരണക്കാരെ ബാധിക്കുമെന്നും അതിനാല്‍ തന്നെ തീരുമാനത്തിനെതിരെ സമരം തുടങ്ങുമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി പി.ശ്യാം രാജ് അറിയിച്ചു.

വിദ്യാര്‍ത്ഥി കണ്‍സഷന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഒളിച്ചു കളി നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മിനിമം ദൈര്‍ഘ്യത്തിന് മാത്രമാണ് പഴയ നിരക്കായ ഒരു രൂപ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ അതിന് ശേഷം കൂട്ടിയ നിരക്കിന്റെ 25% കൂടുമെന്ന് ഗതാഗത മന്ത്രി തന്നെ അറിയിച്ചിട്ടുണ്ട്. ബസ് യാത്രികരായ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും മിനിമം ദൈര്‍ഘ്യത്തില്‍ കൂടുതല്‍ സഞ്ചരിക്കുമെന്നിരിക്കേ, തത്വത്തില്‍ നിരക്ക് വര്‍ധനവ് അവരെ ബാധിക്കുമെന്ന് ശ്യാം രാജ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കേരളത്തില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ വരെ സ്കൂള്‍ ബസുകള്‍ എത്തിയ സ്ഥിതിയ്ക്ക് അവയെ ഒഴിവാക്കി സാധാരണ ബസില്‍ യാത്ര ചെയ്യുന്നത് പാവപ്പെട്ടവരായ വിദ്യാര്‍ത്ഥികളായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരക്കാരുടെ പഠനത്തെ ബാധിക്കുന്ന ഏതൊരു നീക്കത്തെയും എബിവിപി എതിര്‍ക്കുമെന്നും സമരവുമായി തെരുവിലിറങ്ങുമെന്നും ശ്യാം രാജ് കൂട്ടിച്ചേര്‍ത്തു.

(Visited 47 times, 1 visits today)