ബീച്ചുകളില്‍ സ്വര്‍ണ്ണച്ചാകരക്കാലം

0

മഴ പെയ്ത് മുകള്‍ മണ്ണൊലിച്ചു പോകുന്നതോടെ ബീച്ചുകളില്‍ സ്വര്‍ണച്ചാകരക്കാലം. സീസണ്‍ കഴിഞ്ഞതോടെ ടൂറിസ്റ്റുകളില്ലാതെ വിജനമാണ് ഈ തീരമെങ്കിലും നിധി തേടിയെത്തുന്ന തദ്ദേശിയര്‍ക്കിപ്പോള്‍ കോളാണ്. കടല്‍ കണ്ട ആവേശത്തില്‍ കയ്യും മെയ്യും മറന്ന് നീന്തിത്തുടിക്കുകയും മണലില്‍ കുത്തി മറിയുകയും ചെയ്ത ടൂറിസ്റ്റുകള്‍ക്ക് നഷ്ടമായ സ്വര്‍ണം വെള്ളി ആഭരണങ്ങളാണ് നാട്ടുകാര്‍ക്ക് ചാകരയൊരുക്കുന്നത്. ഇന്നലെ മാത്രം ചിലര്‍ക്ക് അഞ്ചു പവന്‍ വരെ സ്വര്‍ണം ലഭിച്ചതായാണ് വെളിപ്പെടുത്തല്‍.മഴ കനത്തതോടെ തീരത്തെ വെളുത്ത മേല്‍മണ്ണ് ഒലിച്ചു പോകുന്നു. അടിയിലെ കറുത്ത മണ്ണില്‍ തെളിഞ്ഞു വരുന്ന പീതവര്‍ണം ഒരുപവന്‍ സ്വര്‍ണത്തിന്റേതല്ലെന്ന് ആരു കണ്ടു. കണ്ണും കാതും കൂര്‍പ്പിച്ച് കാത്തിരിക്കുന്ന സ്വര്‍ണ തിരച്ചിലുകാര്‍ക്ക് കോളടിക്കും. എവിടെ നിന്നോ വന്നവര്‍ക്കു നഷ്ടമായ വിലപിടിപ്പുള്ള ആഭരണങ്ങള്‍ തേടി ഇനിയാരും വരില്ലെന്നുറപ്പുള്ളതിനാല്‍ കിട്ടുന്നവര്‍ അതിനുടമകളാകും. തീരത്തുയര്‍ന്നു വരുന്ന സ്വര്‍ണം കണ്ടു പിടിക്കുക അത്ര എളുപ്പമല്ലെന്ന് ആലപ്പുഴ ബീച്ചില്‍ വര്‍ഷങ്ങളായി ലോട്ടറി കച്ചവടം നടത്തി വരുന്ന രാജന്‍ പറയുന്നു. കനം കൂടിയ ലോഹമായതിനാല്‍ സ്വര്‍ണം ഒലിച്ചു പോകില്ല. പകരം മണ്ണലില്‍ താഴ്‌നു പോകും. പക്ഷെ കനത്ത മഴയില്‍ കുത്തിയൊലിച്ചെത്തുന്ന വെള്ളം മുകളിലെ മണ്ണിനെ നീക്കം ചെയ്യുമ്പോള്‍ കാണാം ആ വര്‍ണത്തിളക്കം. അത് ഭാഗ്യം കൊണ്ടു മാത്രമല്ല കിട്ടുന്നത്. വളരെ ശ്രദ്ധയും വൈദഗ്ധ്യവും വേണം തിരിച്ചറിയാന്‍. എന്തായാലും തീരത്തെ സ്വര്‍ണം തേടി സംഘങ്ങള്‍ തന്നെ തീരങ്ങളില്‍ തമ്പടിച്ചിട്ടുണ്ട്.വിദേശികളും അന്യസംസ്ഥാനക്കാരുമായ നിരവധി ടൂറിസ്റ്റുകളെത്തുന്ന കോവളം ഹവ്വാ, ഗ്രോവ്, ലൈറ്റ്ഹൗവ് ബീച്ചുകളില്‍ ഇപ്പോള്‍ സ്വര്‍ണത്തിരച്ചില്‍ കാരുടെ തിരതള്ളലാണ്. തദ്ദേശിയര്‍ തന്നെയാണ് സ്വര്‍ണം തിരയാന്‍ രംഗത്തുള്ളത് എന്നതിനാല്‍ കിട്ടുന്ന സ്വര്‍ണം സുഹൃദ് സംഘങ്ങള്‍ ചിലപ്പോള്‍ പങ്കിട്ടെടുക്കും. സംഘമായി എത്തുന്നവര്‍ അതു സംഘത്തില്‍ വീതം വയ്ക്കുന്നതും പതിവു കാഴ്ചയാണ്.

(Visited 209 times, 1 visits today)