ഗതാഗതം തടസപ്പെടുത്തി ഫ്ലാഷ് മോബ്, വിദ്യാര്‍ത്ഥിനിക്കു വീട്ടമ്മയുടെ തല്ല്

March 28 08:53 2016 Print This Article

കണ്ണൂര്‍ : തിരക്കേറിയ പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡിനു നടുവില്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ച് ഗതാഗത തടസം സൃഷ്ടിച്ച വിദ്യാര്‍ത്ഥികളെ യാത്രക്കാരിയായ വീട്ടമ്മ കൈകാര്യം ചെയ്തു. കഴിഞ്ഞ ദിവസം വൈകിട്ട് കോറോത്തെ ഒരു കോളജിലെ കുറച്ചു വിദ്യാര്ത്ഥികള്‍ പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലാണ് ഏറെ തിരക്കേറിയ സമയത്ത് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്.
ഇത് ബസുകള്‍ക്ക് ഗതാഗത തടസമുണ്ടാക്കിയതോടെ അവിടുന്ന് അല്പം മാറാന്‍ ബസ് ജീവനക്കാരും ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്നവരും ആവശ്യപ്പെട്ടെങ്കിലും കുട്ടികള്‍ കൂട്ടാക്കിയില്ല. ഇതോടെ ബസ് സ്റ്റാന്ഡില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഇതിനിടയില്‍ പഴയങ്ങാടി റൂട്ടിലോടുന്ന ബസിലെ യാത്രക്കാരിയായ വീട്ടമ്മ ബസില്‍ നിന്നിറങ്ങി വിദ്യാര്‍ത്ഥികളോട് ഗതാഗത തടസം ഒഴിവാക്കണമെന്നും പരിപാടി അവിടെ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനു തയ്യാറാകാതെ പരിപാടി തുടരുന്നതിനിടെയാണ് യാത്രക്കാരിയായ സ്ത്രീ സിനിമാ സ്റ്റൈലില്‍ പരിപാടിയുടെ മുന്‍ നിരയിലുണ്ടായിരുന്ന പെണ്‍കുട്ടിയുടെ മുഖത്ത് ആഞ്ഞടിച്ചത്. ഇതോടെ കുട്ടികള്‍ ചിതറിയോടി.
അതിനിടെ പോലീസും സംഭവ സ്ഥലത്തെത്തി. ബസ് ജീവനക്കാരും, ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്നവരും വീട്ടമ്മയുടെ പ്രതിഷേധത്തെ ന്യായീകരിച്ചു. കോളജില്‍ നടക്കുന്ന വിദ്യാഭ്യാസ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് വിദ്യാര്ത്ഥികള്‍ ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടോപ് ന്യൂസ് കേരളയുടേതല്ല. അവഹേളനപരമായ പരാമര്‍ശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലപരമോ മതനിന്ദാപരമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ