48 മണിക്കൂറിനുള്ളില്‍ രാജിവെക്കണമെന്ന് ജേക്കബ് സുമയ്ക്ക് പാര്‍ട്ടിയുടെ അന്ത്യശാസനം

0

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയ്ക്ക് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ(എഎന്‍സി) അന്ത്യശാസനം. അടുത്ത 48 മണിക്കൂറിനുള്ളില്‍ സ്ഥാനമൊഴിയാനാണ് നിര്‍ദേശം.

പാര്‍ട്ടിയുടെ പുതിയ പ്രസിഡന്റ് സിറില്‍ രാമഫോസയുടെ അധ്യക്ഷതയില്‍ നടന്ന എക്സിക്യൂട്ടിവ് ബോഡി യോഗത്തിലാണ് തീരുമാനം. രാജിവെച്ചില്ലെങ്കില്‍ പുറത്താക്കല്‍ നടപടി സ്വീകരിക്കുമെന്ന് സുമയുടെ വീട്ടിലെത്തി രാമഫോസ മുന്നറിയിപ്പ് നല്‍കിയിരുന്നു.

2009 മുതല്‍ അധികാരത്തിലുള്ള ജേക്കബ് സുമയ്ക്കെതിരേ അടുത്തിടെയായി നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് 75കാരനായ സുമയ്ക്കു മേല്‍ രാജി സമ്മര്‍ദം ശക്തമായത്.

എന്നാല്‍ തെരഞ്ഞെടുപ്പിന് ഒരുവര്‍ഷം ബാക്കിയുള്ളതിനാല്‍ അധികാരമൊഴിയാന്‍ സുമ വിസമ്മതിച്ചതോടെ പാര്‍ട്ടി കടുത്ത തീരുമാനം എടുക്കുകയായിരുന്നു.

സുമ അധികാരത്തില്‍ തുടര്‍ന്നാല്‍ അടുത്തവര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ എഎന്‍സി അപ്രസക്തമായേക്കും. ഡിസംബറില്‍ എഎന്‍സി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സിറിള്‍ റാമഫോസ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നതിന് അത് വിലങ്ങു തടിയാകും.

സുമ രാജി വച്ചൊഴിഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച്‌ എഎന്‍സി പ്രസിഡന്റ് എന്ന നിലയില്‍ ദക്ഷിണാഫ്രിക്കയുടെ തലവനായി റാമഫോസ എത്തും.

മുന്‍ ഭാര്യ എന്‍കോസസാന ഡിലാമിനി സുമയെ രംഗത്തിറക്കി എഎന്‍സിയുടെ നേതൃപദവി പിടിക്കാന്‍ സുമ നോക്കിയിരുന്നെങ്കിലും നീക്കം പരാജയപ്പെട്ടിരുന്നു.

(Visited 48 times, 1 visits today)