പാര്‍വ്വതി, പത്മപ്രിയ, രേവതി എന്നിവരുമായി അമ്മ ചര്‍ച്ചയ്ക്ക്

0

താരസംഘടനയായ അമ്മയും വുമണ്‍ ഇനി സിനിമാ കളക്ടീവും തമ്മിലുള്ള ചര്‍ച്ച അടുത്ത മാസം ഏഴിന് കൊച്ചിയില്‍ നടക്കും.നിലവിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് കത്ത് നല്‍കിയ പാര്‍വ്വതി,പത്മപ്രിയ, രേവതി എന്നിവരെയാണ് അമ്മ ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മ പ്രതിസ്ഥാനത്തുള്ള നടന്‍ ദിലപീനെ സംരക്ഷിക്കുന്ന നിലപാടെടുത്തു എന്നതാണ് മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെ പ്രധാന ആരോപണം. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് സംഘടനയുടെ പ്രാഥമിതഅംഗത്വത്തില്‍ നിന്നും നീക്കം ചെയ്യപ്പെട്ട നടന്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ ധാരണയായിരുന്നു. ഇതോടെയാണ് ഇരുസംഘടനകള്‍ക്കും ഇടയിലുള്ള ഭിന്നത തുറന്ന പോരിലേക്ക് മാറിയത്. ഇതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഇവരുടെ സുഹൃത്തുകളായ രമ്യാ നമ്പീശന്‍, റീമാ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു. ഇതിനു പുറമേ പാര്‍വ്വതി, പത്മപ്രിയ, രേവതി എന്നിവര്‍ വിഷയം അമ്മ ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് കത്ത്‌നല്‍കി. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് അമ്മ ഇവരുമായി ചര്‍ച്ചയ്ക്ക് തയ്യാറായത്. പരാതി നല്‍കിയവരുമായി സംസാരിക്കുമെന്ന് അമ്മ അധ്യക്ഷന്‍ മോഹന്‍ലാല്‍ തന്നെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതേക്കുറിച്ചുള്ള കാര്യങ്ങളില്‍ അമ്മ പ്രതികരിക്കാതിരുന്നത് ആശയക്കുഴപ്പത്തിനിടയാക്കി. അമ്മ ചര്‍ച്ചയ്ക്ക് ക്ഷണിച്ച മൂന്ന് പേരില്‍ പാര്‍വതി ഒഴിച്ച് മറ്റു രണ്ട് പേരും ചര്‍ച്ചയ്ക്ക് എത്തും എന്നാണ് വിവരം. ഇതിനു മുന്നോടിയായി രേവതിയും പത്മപ്രിയയും വുമണ്‍ ഇനി സിനിമാ കളക്ടീവിലെ മറ്റംഗങ്ങളുമായി വിശദമായ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

(Visited 57 times, 1 visits today)