എയര്‍ ഇന്ത്യ ജോലി നിഷേധിച്ചു; ദയാവധത്തിന് അനുമതി തേടി ട്രാന്‍സ്ജെന്‍ഡര്‍

0

എയര്‍ ഇന്ത്യയില്‍ ജോലി നിഷേധിക്കപ്പെട്ട ട്രാന്‍സ്ജെന്‍ഡര്‍ ദയാവധം അനുവദിക്കണമെന്ന് രാഷ്ട്രപതിക്ക് അപേക്ഷ നല്‍കി. ഷാനവി പൊന്നുസ്വാമിയാണ് ജോലി നിഷേധിച്ചതിനെതിരെ നിയമ പോരാട്ടം നടത്തിയിട്ടും അനുകൂല നടപടിയുണ്ടാവാത്തതില്‍ മനംനൊന്ത് ദയാവധത്തിന് അപേക്ഷ നല്‍കിയത്.

എയര്‍ ഇന്ത്യയില്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് എക്സിക്യുട്ടിവായി ജോലി ചെയ്തിരുന്നപ്പോഴാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്ന് ഫീമെയില്‍ കാബിന്‍ ക്രൂ പോസ്റ്റിലേക്ക് അപേക്ഷിച്ചു. ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടും ജോലി നിഷേധിച്ചെന്നാണ് പരാതി. എയര്‍ ഇന്ത്യയുടെ നയപ്രകാരം ട്രാന്‍സ് വുമന്‍ എന്ന വിഭാഗത്തിന് ജോലി നല്‍കാനാവില്ലെന്നാണ് അധികൃതര്‍ നല്‍കിയ മറുപടി.

തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം നവംബറില്‍ ഷാനവി സുപ്രീംകോടതിയെ സമീപിച്ചു. ഹരജി പരിഗണിച്ച കോടതി വിശദീകരണം നല്‍കാന്‍ എയര്‍ ഇന്ത്യയ്ക്കും വ്യോമയാന മന്ത്രാലയത്തിനും നോട്ടീസ് അയച്ചു. നാലാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. പക്ഷേ എയര്‍ ഇന്ത്യയോ മന്ത്രാലയമോ പ്രതികരിച്ചില്ല.

ജോലിയില്ലാത്ത തനിക്ക് ആഹാരം കഴിക്കാന്‍ പോലും വഴിയില്ല. അതുകൊണ്ടുതന്നെ കേസ് ഇനിയും നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. ട്രാന്‍സ്ജെന്‍ഡറാണെന്ന കാരണത്താലാണ് തനിക്ക് ഈ അവസ്ഥയുണ്ടായത്. അതിനാല്‍ ദയാവധം അനുവദിക്കണമെന്ന് ഷാനവി രാഷ്ട്രപതിക്ക് അയച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടു.

(Visited 100 times, 1 visits today)