പദ്മാവതിന് പിന്നാലെ മണികര്‍ണികയ്ക്ക് നേരേയും പ്രതിഷേധം.

0

ബോളിവുഡില്‍ വിവാദങ്ങള്‍ തീരുന്നില്ല.’പദ്മാവത്’ എന്ന ചിത്രത്തിനുപിന്നാലെ കങ്കണാ റണൗട്ട് നായികയാകുന്ന ‘മണികര്‍ണിക’ എന്ന സിനിമയ്ക്കുനേരേയും പ്രതിഷേധം.

ഇത്തവണയും വിവാദത്തിന് തുടക്കം രാജസ്ഥാനില്‍നിന്നാണ്. പദ്മാവതിനെതിരേ ശബ്ദമുയര്‍ത്തിയത് രജപുത്രവിഭാഗമായ കര്‍ണി സേനയായിരുന്നെങ്കില്‍ മണികര്‍ണികയ്ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത് അവിടത്തെ സര്‍വബ്രാഹ്മണ സഭയാണ്. ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സഭ സംസ്ഥാനസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഝാന്‍സിയിലെ റാണി ലക്ഷ്മിഭായിയെ കേന്ദ്രകഥാപാത്രമായാണ് ‘മണികര്‍ണിക’ എന്ന ചിത്രമൊരുക്കുന്നത്. ചരിത്രത്തെ വളച്ചൊടിച്ചാണ് ചിത്രത്തിന്റെ ഗതിയെന്ന് ബ്രാഹ്മണസഭ ആരോപിക്കുന്നു.

ചിത്രത്തില്‍ ഝാന്‍സി റാണി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്ബനി ഏജന്റിനെ പ്രണയിക്കുന്ന പാട്ടുരംഗമുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. പദ്മാവതിനുനേരേ നടത്തിയ പ്രക്ഷോഭംപോലെ ഈ ചിത്രത്തിനെതിരേയും പ്രതിഷേധമുണ്ടാകുമെന്ന് സഭ ജയ്പുരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജയശ്രീ മിശ്ര എഴുതിയ ‘റാണി’ പുസ്തകത്തെ ആധാരമാക്കിയായിരിക്കാം ഈ ചിത്രം നിര്‍മിച്ചതെന്നും അത് യഥാര്‍ഥചരിത്രത്തിന് നിരക്കുന്നതല്ലെന്നുമാണ് സഭാംഗങ്ങളുടെ നിലപാട്. ചിത്രത്തിന്റെ വിശദവിവരങ്ങള്‍ നല്‍കാന്‍ നിര്‍മാതാവായ കമല്‍ ജെയിനിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

കങ്കണാ റണൗട്ടിനൊപ്പം സോനു സൂദ്, സുരേഷ് ഒബ്റോയ്, അതുല്‍ കുല്‍ക്കര്‍ണി തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിടുന്നത്. ബാഹുബലി സിനിമയ്ക്ക് തിരക്കഥയെഴുതിയ കെ.വി. വിജയേന്ദ്ര പ്രസാദിന്റേതാണ് തിരക്കഥ. ക്രിഷ് ആണ് സംവിധായകന്‍.

(Visited 41 times, 1 visits today)