സൈന്യത്തിന് നേരെ കല്ലെറിഞ്ഞ പെണ്‍കുട്ടി ഇന്ന് കശ്മീര്‍ ഫുട്‌ബോള്‍ ടീം നായിക

0

അഫ്‍സാന്‍ ആശിഖ് എന്ന കശ്‍മീരി പെണ്‍കുട്ടി ദേശീയ മാധ്യമങ്ങളില്‍ ആദ്യമായി വാര്‍ത്തയാകുന്നത് ഒരു ഫുട്ബോള്‍ താരം എന്ന വിശേഷണത്തോടെയായിരുന്നില്ല. കശ്‍മീരില്‍ സൈന്യവും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഭാഗമായി സൈന്യത്തിന് നേരെ കല്ലെറിയുന്ന അഫ്‍സാന്റെ ചിത്രം ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിച്ചതോടെയായിരുന്നു അവളെ ലോകം അറിഞ്ഞത്. നീല സല്‍വാര്‍ കമ്മീസും ദുപ്പട്ടയുമണിഞ്ഞ്, മുഖം പാതി മറച്ച്, സ്കൂള്‍ ബാഗും തോളില്‍ തൂക്കി അഫ്‍സാന്‍ സൈനികര്‍ക്ക് നേരെ കല്ലെറിയുന്നതായിരുന്നു ചിത്രം. എന്നാല്‍ ഇന്ന് അഫ്‍സാന്‍ കശ്‍മീരി പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാകുകയാണ്. ജമ്മു കശ്‍മീര്‍ വനിതാ ഫുട്ബോള്‍ ടീമിന്റെ നായികയായി ആണ് അഫ്‍സാന്‍ ജീവിതത്തില്‍ കുതിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിനെ അഫ്‍സാന്‍ സന്ദര്‍ശിച്ചു. സംസ്ഥാനത്തെ പെണ്‍കുട്ടികളെ കായികമേഖലയിലേക്ക് കൈപിടിച്ചുകയറ്റുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.

 

ഏപ്രില്‍ 24 വരെ അഫ്‍സാന്‍ ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു. സ്കൂളും വീടും കളിയുമൊക്കെയായി കഴിഞ്ഞുകൂടിയിരുന്നവള്‍. ഏപ്രില്‍ 24 നാണ് അഫ്‍സാന്റെ ചിത്രം മാധ്യമങ്ങളില്‍ നിറഞ്ഞത്. കോത്തിബാഗിലെ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം ഫുട്ബോള്‍ പരിശീലന മൈതാനത്തേക്ക് നടന്നുപോകുകയായിരുന്നു അഫ്‍സാന്‍. പൊടുന്നനെയാണ് റോഡില്‍ സംഘര്‍ഷവസ്ഥയുണ്ടായത്. പ്രതിഷേധക്കാരും സൈന്യവും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. ഇതിനിടയില്‍ അഫ്‍സാനും കൂട്ടുകാരും പെട്ടുപോകുകയും ചെയ്തു. പ്രതിഷേധക്കാര്‍ക്കൊപ്പമുള്ളവരെന്ന് തെറ്റിദ്ധരിച്ചാകണം കണ്ണില്‍ കണ്ടവരെയൊക്കെ തല്ലിയൊതുക്കുന്ന കൂട്ടത്തില്‍ അഫ്‍സാന്റെ കൂട്ടുകാരികളിലൊരാളെയും സൈനികരും പൊലീസും മര്‍ദിച്ചു. അപ്രതീക്ഷിത ആക്രമണത്തില്‍ പകച്ചുപോയ അഫ്‍സാന് എന്തുചെയ്യണമെന്ന് ഒരുപിടിയും കിട്ടിയില്ല. പെട്ടെന്നാണ് അവള്‍ മുന്നില്‍ കിടന്ന കല്ല് കണ്ടത്. ഒരു തെറ്റും ചെയ്യാതെ മര്‍ദനമേല്‍ക്കേണ്ടി വന്നതിന്റെ രോഷത്തില്‍ ആ കല്ലെടുത്ത് അവള്‍ സൈനിക വാഹനത്തിന് നേരെ എറിയുകയും ചെയ്തു. ഇത് പക്ഷേ കൃത്യമായി മാധ്യമങ്ങളുടെ കാമറയില്‍ പതിയുകയും അവള്‍ പിന്നേറ്റ് പത്രങ്ങളില്‍ ഇടംപിടിക്കുകയും ചെയ്തു.

ഏതായാലും അന്നും ഇന്നും ആ പ്രവര്‍ത്തിയില്‍ അഫ്‍സാന് കുറ്റബോധം തോന്നിയിട്ടില്ല. കാരണം ജമ്മു കശ്‍മീര്‍ പൊലീസും സൈന്യവും അശ്ലീല വാക് പ്രയോഗങ്ങളിലൂടെയും കായികമായും തങ്ങളെ അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്തപ്പോഴാണ് ആത്മാഭിമാനം കളങ്കിതമായി പ്രതിരോധത്തിനെന്ന പോലെ കല്ലെറിഞ്ഞതെന്ന് അഫ്‍സാന്‍ പറയുന്നു. ഏതായാലും പഴയതൊന്നും ഓര്‍ക്കാന്‍ അവളിന്ന് ഇഷ്ടപ്പെടുന്നില്ല. ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്നാണ് അഫ്‍സാന്റെ ഇനിയുള്ള ആഗ്രഹവും ലക്ഷ്യവും.

(Visited 89 times, 1 visits today)