സോംദേവ് ടെന്നീസിൽനിന്നും വിരമിച്ചു

0

ഇന്ത്യന്‍ ടെന്നീസ് താരം സോംദേവ് ദേവ് വര്‍മ്മന്‍ പ്രൊഫണല്‍ ടെന്നീസില്‍നിന്നും വിരമിച്ചു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സോംദേവ് വിരമിക്കല്‍ വാര്‍ത്ത പുറത്തുവിട്ടത്. തന്നെ പി്ന്തുണച്ചവര്‍ക്ക് അദ്ദേഹം നന്ദിപറയുകയും ചെയ്തു. പുരുഷ സിംഗിള്‍സില്‍ രാജ്യത്തെ ഏറ്റവും മികച്ച താരമായ സോംദേവിന്റെ വിരമിക്കല്‍ ഇന്ത്യന്‍ ടെന്നീസിനെ അദ്ഭുതപ്പെടുത്തി. കളിക്കാരനെന്ന നിലയില്‍ കരിയര്‍ അവസാനിപ്പിച്ചെങ്കിലും പരിശീലകനായി കളത്തിലേക്ക് തിരിച്ചെത്താനാണ് സോംദേവിന്റെ തീരുമാനമെന്നറിയുന്നു.

പരിക്കിനെ തുടര്‍ന്ന് ഏറെക്കാലമായി ടൂര്‍ണമെന്റുകളില്‍ നിന്ന് സോംദേവ് വിട്ടുനില്‍ക്കുകയായിരുന്നു. ഈ വര്‍ഷം നടക്കുന്ന ചെന്നൈ ഓപ്പണില്‍നിന്നും നേരത്തെ തന്നെ പിന്‍വാങ്ങിയിരുന്നു.

രണ്ടുവര്‍ഷം മുമ്പ് യുഎസില്‍ സെബാസ്റ്റ്യന്‍ ഫാന്‍സ്ലോവിനെതിരെയാണ് സോംദേവ് അവസാനമായി കളിച്ചത്. മത്സരത്തില്‍ തോല്‍ക്കുകയും ചെയ്തു. 2011 ജൂലൈയില്‍ സോംദേവ് തന്റെ കരിയറിലെ മികച്ച റാങ്കിംഗില്‍ എത്തിയിരുന്നു. 62 –ാം സ്ഥാനത്താണ് സോംദേവ് എത്തിയത്. ലിയാണ്ടര്‍ പെയ്‌സ്, മഹേഷ് ഭൂപതി എന്നിവര്‍ക്കു ശേഷം ഇന്ത്യകണ്ട മികച്ച താരമായിരുന്നു സോംദേവ്. എന്നാല്‍ പരിക്കുകള്‍ അദ്ദേഹത്തിന്റെ മുന്നോട്ടുള്ള പാതകള്‍ സുഖമമാക്കിയില്ല. നിലവില്‍ റാങ്കിംഗില്‍ 740 –ാം സ്ഥാനത്താണ് സോംദേവ്.

ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിംഗിള്‍സില്‍ സ്വര്‍ണം നേടിയ സോംദേവ് 2010 ഗാംഗ്ഷു ഏഷ്യന്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണവും ഒരു വെങ്കലവും നേടി. 2009ല്‍ ചെന്നൈ ഓപ്പണിന്റെയും 2011ല്‍ ദക്ഷിണാഫ്രിക്കന്‍ ഓപ്പണിന്റെയും ഫൈനലിലെത്തി സോംദേവ് എടിപി ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തു.

(Visited 3 times, 1 visits today)