സെസ് വ്യവസ്ഥ ഉദാരമാക്കി

0

export

കയറ്റുമതി പ്രോല്‍സാഹിപ്പിക്കുക, നിക്ഷേപം ആകര്‍ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ള (സെസ്) വ്യവസ്ഥകള്‍ ഉദാരമാക്കി വിദേശ വ്യാപാര നയം പരിഷ്‌കരിച്ചു. സെസ് മുഖേനയുള്ള കയറ്റുമതി വന്‍ വിജയമായ സാഹചര്യത്തിലാണ് പദ്ധതി വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് വിദേശ വ്യാപാര നയ വാര്‍ഷിക പരിഷ്‌കരണ പ്രഖ്യാപനത്തില്‍ കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ വ്യക്തമാക്കി. ഏഴു വര്‍ഷത്തിനിടെ സെസ് മുഖേനയുള്ള കയറ്റുമതിയില്‍ 2000% വര്‍ധനയുണ്ടായെന്ന് അദ്ദേഹം അറിയിച്ചു. 2005-2006ല്‍ സെസ് മുഖേനയുള്ള കയറ്റുമതി 22,840 കോടി രൂപയുടേത് ആയിരുന്നത് 2012-13ല്‍ 4.76 ലക്ഷം കോടി രൂപയുടേതായി കുതിച്ചുയര്‍ന്നു.

വിവിധോല്‍പന്ന സെസ് അനുവദിക്കാന്‍ 1000 ഹെക്ടര്‍ ഭൂമി വേണമെന്ന വ്യവസ്ഥ 500 ഹെക്ടര്‍ ഭൂമിയാക്കി കുറച്ചു. പ്രത്യേക മേഖലാ സെസിന് 100 ഹെക്ടര്‍ ഭൂമി വേണമെന്നത് 50 ഹെക്ടറാക്കി. നിലവിലുള്ള സെസില്‍ 50 ഹെക്ടര്‍ ഭൂമി കൂട്ടിച്ചേര്‍ത്താല്‍ പുതിയ പ്രത്യേക മേഖലാ സെസിനുള്ള അനുമതിയും ലഭിക്കും. സെസ് സ്ഥലത്ത് നേരത്തേ നിലവിലുള്ള കെട്ടിടങ്ങളില്‍ നടത്തുന്ന പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും സെസിനുള്ള തീരുവ ഇളവുകള്‍ ലഭ്യമാക്കും.

ഐടി സെസ് വ്യവസ്ഥകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചു. ഐടി സെസുകള്‍ ആരംഭിക്കാന്‍ 10 ഹെക്ടര്‍ ഭൂമി വേണമെന്ന വ്യവസ്ഥ ഒഴിവാക്കി. കെട്ടിട വിസ്തീര്‍ണം മാത്രമാകും പരിഗണിക്കുക. രാജ്യത്തെ ഏഴു വന്‍നഗരങ്ങളില്‍ (മുംബൈ, ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍, പുണെ, കൊല്‍ക്കത്ത) ഐടി സെസ് ആരംഭിക്കാന്‍ ഒരു ലക്ഷം ചതുരശ്ര മീറ്റര്‍ കെട്ടിട വിസ്തീര്‍ണം ഉണ്ടാകണം.

ബി ക്ലാസ് നഗരങ്ങളില്‍ അര ലക്ഷം ചതുരശ്ര മീറ്റര്‍ കെട്ടിട വിസ്തീര്‍ണം മതിയാകും. മറ്റു നഗരങ്ങളില്‍ കെട്ടിട വിസ്തീര്‍ണ നിബന്ധന കാല്‍ ലക്ഷം ചതുരശ്ര മീറ്ററാക്കി. രാജ്യത്തെ ചെറിയ നഗരങ്ങളില്‍ ഐടി സെസുകളും തൊഴിലവസരങ്ങളും വര്‍ധിക്കാന്‍ ഇളവുകള്‍ വഴിയൊരുക്കുമെന്നാണു പ്രതീക്ഷ. സെസ് യൂണിറ്റുകളുടെ ഉടമസ്ഥാവകാശം കൈമാറാന്‍ അനുമതി നല്‍കാന്‍ നടപടി സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

 

(Visited 6 times, 1 visits today)