സൂര്യനുദിക്കും തീരത്ത്

0

ka
കടലുകള്‍ പുണരുന്ന കന്യാകുമാരി. വൈവിധ്യത്തിന്റെ സാഗരസംഗമം. നാഞ്ചിനാടിന്റെ ഹൃദയഭൂമി. പഴയ തിരുവിതാംകൂറിന്റെ നെല്ലറ. സമതലത്ത് വിശാലമായ നെല്‍പ്പാടങ്ങളും നേന്ത്രവാഴത്തോട്ടങ്ങളും പൂന്തോപ്പുകളും താമരപ്പൊയ്കകളും. തീരദേശത്ത് ഹരിത കേരസമൃദ്ധി. മലനിരകളില്‍ റബ്ബറിന്റെയും സുഗന്ധദ്രവ്യങ്ങളുടെയും കൃഷി. മണ്‍പാത്ര നിര്‍മ്മാണം, ശില്‍പ്പനിര്‍മ്മാണം, കൈത്തറി എന്നിവ മറ്റ് തൊഴില്‍രംഗങ്ങള്‍. കടലും മലയും കൈകോര്‍ക്കുന്ന മണ്ണില്‍ ഇറങ്ങിവരുന്ന വെള്ളച്ചാട്ടങ്ങള്‍, കടല്‍ത്തീരങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളും പ്രസിദ്ധങ്ങളായ ആരാധനാലയങ്ങളും കന്യാകുമാരിയുടെ പ്രത്യേകത.

മൂന്നലകടലുകള്‍ മുത്തമിടുന്ന അപൂര്‍വ്വതയാണ് കന്യാകുമാരിയുടെ ചാരുത. ഇന്ത്യന്‍ മഹാസമുദ്രം, അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവ സംഗമിക്കുന്ന മുനമ്പില്‍ മണല്‍ത്തരികള്‍ക്കു പോലും നിറഭേദം പ്രകടം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേ മുനമ്പായ കന്യാകുമാരി സൂര്യന്റെ ഉദയവും അസ്തമയവും ഒരിടത്തു കാണാവുന്ന ലോകത്തെ ചുരുക്കം സ്ഥലങ്ങളിലൊന്നാണ്. നിറപൗര്‍ണ്ണമി നാളില്‍ സൂര്യാസ്തമയവും ചന്ദ്രോദയവും കന്യാകുമാരി തീരത്ത് ഒരേ സമയം ദൃശ്യമാകും.

ഏ.ഡി ഒന്നാം നൂറ്റാണ്ടില്‍ പെരിപല്‍സിന്റെയും, രണ്ടാം നൂറ്റാണ്ടില്‍ ടോളമിയുടെയും കുറിപ്പുകളിലും സംഘകാല കൃതികളിലും കന്യാകുമാരിയുടെ പരാമര്‍ശമുണ്ട്. നീലക്കടലിന്റെ ഓരത്ത് നിത്യതപസനുഷ്ഠിക്കുന്ന ദേവീ കന്യാകുമാരിയാണ് മറ്റൊരു വിസ്മയം. കടലിന് അഭിമുഖമായ കിഴക്കേനട ഇവിടെ തുറക്കാറില്ല.

ഗാന്ധി മണ്ഡപവും വിവേകാനന്ദപാറയും കന്യാകുമാരിയുടെ മായാത്ത ചിത്രങ്ങളാകുന്നു. 1948ല്‍ മഹാത്മാഗാന്ധിയുടെ ചിതാഭസ്മം സൂക്ഷിച്ച സ്ഥലത്ത് 1956 ല്‍ പണി കഴിപ്പിച്ചതാണ് ഗാന്ധി മണ്ഡപം. മരണസമയത്ത് ഗാന്ധിജിയുടെ പ്രായം അനുസ്മരിപ്പിക്കുന്ന വിധം 79 അടി ഉയരം മണ്ഡപത്തിനുണ്ട്. ഒറീസാ വാസ്തുശില്‍പകലയിലാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. ചിതാഭസ്മകലശം സൂക്ഷിച്ച സ്ഥലത്ത് നിര്‍മിച്ച പീഠത്തില്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ഉച്ചയ്ക്ക് മേല്‍ക്കൂരയിലെ സുഷിരത്തിലൂടെ സൂര്യരശ്മികള്‍ തഴുകിമാറുന്ന കാഴ്ച നിര്‍മാണത്തിന്റെ പ്രത്യേകതയാണ്.

വിവേകാനന്ദ പാറയ്ക്കു സമീപമുള്ള മറ്റൊരു പാറയില്‍ ഋഷിതുല്യനായ തമിഴ്കവി തിരുവള്ളുവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിമ നിര്‍മിച്ചു. തിരുക്കുറളിലെ 133 അധ്യായത്തെ അനുസ്മരിപ്പിക്കും വിധം 133 അടി ഉയരമുള്ള ശിലാപ്രതിമ 2000 ജനവരി ഒന്നിനാണ് അനാച്ഛാദനം ചെയ്തത്. തീരത്തു നിന്നും തമിഴ്‌നാട് പൂംപുഹാര്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍ ഈ പാറയിലേക്കും ബോട്ട് സര്‍വ്വീസ് നടത്തുന്നുണ്ട്.

(Visited 15 times, 1 visits today)