സച്ചിന്‍ നാല്‍പ്പതിന്റെ നിറവില്‍

0

sachin
ബാറ്റിംഗ് വിസ്മയം തീര്‍ത്ത് ആരാധകഹൃദയം കീഴടക്കിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്ക് ഇന്ന് നാല്‍പതാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മുംബൈ ഇന്ത്യന്‍സിന്റെ മത്സരത്തിനായാണ് കൊല്‍ക്കത്തയില്‍ സച്ചിന്‍ കളത്തിലിറങ്ങുക.
ഈ പ്രായത്തിലും പ്രകടനങ്ങളില്‍ അനന്യനാകുന്ന സച്ചിന്‍, ക്രിക്കറ്റ് എന്ന വികാരത്തിന്റെ ഇന്ത്യയിലെ മറുപേരാണ്.
1973 ഏപ്രില്‍ 24ന് വിഖ്യാത മറാത്ത എഴുത്തുകാരന്‍ രമേഷ് ടെണ്ടുല്‍ക്കറുടെ മകനായാണ് സച്ചിന്റെ ജനനം. സംഗീതത്തോടുള്ള താല്‍പ്പര്യം മകന് സച്ചിന്‍ ദേവ്വര്‍മ്മന്റെ പേര് നല്‍കാന്‍ പിതാവിനെ പ്രേരിപ്പിച്ചു. എന്നാല്‍ തന്റെ പ്രണയം ക്രിക്കറ്റിനോടാണെന്ന് സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ സച്ചിന്‍ തെളിയിച്ചു. 1989 നവംബറില്‍ പാകിസ്ഥാനെതിരെ അവരുടെ മണ്ണിലാണ് സച്ചിന്റെ ടെസ്റ്റ് അരങ്ങേറ്റം. അതേ പര്യടനത്തില്‍ ഏകദിന അരങ്ങേറ്റവും കുറിച്ചു. ആദ്യടെസ്റ്റില്‍ 15 റണ്‍സെടുത്ത സച്ചിന്‍ ആദ്യ ഏകദിനത്തില്‍ റണ്‍സെടുക്കാതെ പുറത്തായി. എന്നാല്‍ പിന്നീട് ആ ബാറ്റിന് മുന്നില്‍ തകര്‍ന്ന് വിഴാത്ത റെക്കോര്‍ഡുകളില്ല.
ഓള്‍ഡ്ട്രാഫോഡില്‍ 17ാവയസ്സില്‍ ആദ്യ സെഞ്ച്വറി നേടിയ സച്ചിന്‍ 2012ല്‍ നൂറ് അന്താരാഷ്ട്ര സെഞ്ച്വറി നേടുന്ന ആദ്യതാരമായി. 2008ല്‍ ടെസ്റ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് ബ്രയാന്‍ ലാറയില്‍ നിന്നും ഏറ്റെടുത്ത ഈ കുറിയ മനുഷ്യന്‍ 30,000 അന്താരാഷ്ട്ര റണ്‍സും 13,000 ടെസ്റ്റ് റണ്‍സും സ്വന്തം പേരില്‍ കുറിച്ചു. ഏകദിനത്തിലെ ആദ്യ ഇരട്ടശതകവും സച്ചിന്റെ പേരിലാണ്. തന്റെ യഥാര്‍ത്ഥ പിന്‍ഗാമിയായി ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ് മാന്‍ വിശേഷിപ്പിച്ച സച്ചിന്‍ മനോഹരമായ ബോളിംഗ് പ്രകടനങ്ങളും പുറത്തെടുത്തിട്ടുണ്ട്.
ക്രിക്കറ്റ് ചരിത്രത്തില്‍ എതിരാളികള്‍ക്ക് ഓടിയടുക്കാനാവാത്ത വണ്ണം എത്രയോ മുന്നിലാണ് സച്ചിന്‍. നാല്‍പ്പതാം വയസ്സില്‍ ടീമിന് സാന്നിദ്ധ്യം കൊണ്ട് തന്നെ ആത്മവിശ്വാസം നല്‍കാന്‍ കഴിയുന്ന ഈ ഇതിഹാസതാരം ഇന് എന്താണ് കരുതിവെച്ചിരിക്കുന്നുവെന്ന ആകാംഷ മാത്രമാണ് ആരാധകര്‍ക്ക് ബാക്കിയുള്ളത്.

(Visited 3 times, 1 visits today)