ലോകത്തെ ഏറ്റവും വിലകുറഞ്ഞ ബൈക്ക് നിര്‍മിക്കാന്‍ യമഹ

0

yamaha-logoലോകത്തെ ഏറ്റവും വില കുറഞ്ഞ കാര്‍ വിപണിയിലെത്തിച്ച ഇന്ത്യയില്‍ ഏറ്റവും വില കുറഞ്ഞ ബൈക്കും നിര്‍മിക്കുന്നു. ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹയാണ് ഇരുപത്തയ്യായിരം രൂപ മാത്രം വിലയുള്ള (500 ഡോളര്‍) ബൈക്ക് ഇന്ത്യയില്‍നിന്ന് പുറത്തിറക്കാനൊരുങ്ങുന്നത്. യമഹ മോട്ടോര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (വൈഎംആര്‍ഐ) പുതിയ ബൈക്കിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്ന് കമ്പനി. ഉത്തര്‍പ്രദേശിലെ സുരാജ്പുരില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് യമഹയുടെ അഞ്ചാമത്തെ ഗവേഷണ കേന്ദ്രം സ്ഥാപിതമായത്. ആഗോള വിപണി ലക്ഷ്യമിട്ടാണ് വില കുറഞ്ഞ ബൈക്ക് ഒരുങ്ങുന്നത്. 500 ഡോളറിന്റെ ബൈക്ക് പുറത്തിറങ്ങുന്നതോടെ വില കുറഞ്ഞ മോട്ടോര്‍ സൈക്കിളിന്റെ ആഗോള കേന്ദ്രമായി ഇന്ത്യ മാറുമെന്നാണ് യമഹയുടെ കണക്കുകൂട്ടല്‍. ആഫ്രിക്ക, ലാറ്റിന്‍ അമെരിക്ക എന്നിവിടങ്ങളിലേക്ക് ബൈക്ക് കയറ്റിയയക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. ലോകത്തെ ഏറ്റവും വില കുറഞ്ഞ ബൈക്കും വില കുറഞ്ഞ പാര്‍ട്‌സും നിര്‍മിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇന്ത്യയിലും വിദേശ വിപണിയിലും 500 ഡോളറിന് വില്‍ക്കാനാവുന്ന ബൈക്കാണ് ഉദ്ദേശിക്കുന്നതെന്ന് വൈഎംആര്‍ഐ മാനെജിങ് ഡയറക്റ്റര്‍ തൊഷികാസു കൊബായാഷി. നൂറു സിസിയോ അതില്‍ കൂടുതലോ കപ്പാസിറ്റിയുള്ളതായിരിക്കും ബൈക്ക്. ഇന്ത്യന്‍ വിപണി ഉദ്ദേശിച്ചായിരിക്കും ആദ്യ രൂപകല്‍പ്പന. പിന്നാലെ ആഗോള മാതൃകയും വരും. ബൈക്കിലെ നാനോ എന്നു പുറത്തിറങ്ങും എന്ന കാര്യത്തില്‍ കൊബായാഷി സൂചനയൊന്നും നല്‍കിയില്ല.

(Visited 3 times, 1 visits today)