ലഡാക്കില്‍ ചൈന വ്യോമാതിര്‍ത്തി ലംഘിച്ചതായി റിപ്പോര്‍ട്ടുകള്‍

0

indo-china-border-reuters-6701
അതിര്‍ത്തിപ്രശ്‌നം നിലനില്‍ക്കുന്ന ലഡാക്കില്‍ ചൈന വ്യോമാതിര്‍ത്തി ലംഘിച്ചതായി റിപ്പോര്‍ട്ടുകള്‍. രണ്ട് ചൈനീസ് ഹെലിക്കോപ്ടറുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി മറികടന്ന് നൂറിലധികം കിലോമീറ്റര്‍ ഉള്ളിലേക്ക് പറന്നുവെന്ന് സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ മാറ്റമില്ലാതെ തുടരുകയാണ്.
ജമ്മു കശ്മീരിലെ ലഡാക്കില്‍ ഇന്ത്യന്‍ മണ്ണില്‍ ചൈനീസ് ട്രൂപ്പ് ടെന്‍ഡുകള്‍ സ്ഥാപിച്ചതിന് പിന്നാലെയാണ് ചൈനീസ് ഹെലികോപ്ടറുകള്‍ വ്യോമാതിര്‍ത്തികള്‍ ലംഘിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നത്. കഴിഞ്ഞ 21ന് ലഡാക്കിലെ ചുമാര്‍ മേഖലയിലാണ് സംഭവം. ചൈനീസ് ഹെലികോപ്ടറുകള്‍ വ്യോമാതിര്‍ത്തി ലംഘിക്കുകയും നൂറു കണക്കിന് കിലോമീറ്റര്‍ ഉള്ളിലേക്ക് പറക്കുകയുമായിരുന്നു. കൂടാതെ പ്രദേശത്ത് ഭക്ഷണ പൊതികളും സിഗരറ്റ് പാക്കറ്റുകളും ചൈനീസ് ഭാഷയില്‍ എഴുതിയ കുറിപ്പുകളും വിതറി.
ചൈനീസ് സേന അതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ അതൃപ്തി നിലനില്‍ക്കേ വ്യോമാതിര്‍ത്തി ലംഘിച്ചത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കും. എന്നാല്‍ ഇന്ത്യയുടെ ആരോപണങ്ങള്‍ നിഷേധിക്കുന്ന ചൈന മേഖലയില്‍ ഇന്ത്യ പട്രോളിങ് നടത്തുന്നതില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു.
രണ്ടു ഫല്‍ഗ് മീറ്റിങ്ങുകളും പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനുള്ള മൂന്നാമത്തെ ഫല്‍ഗ് മീറ്റിങ് വെള്ളിയാഴ്ച്ചക്ക് മുന്‍പ് നടന്നേക്കും.
അതേസമയം പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് വിദേശകാര്യ മന്ത്രാലയത്തിനും പ്രതിരോധ വകുപ്പിനുമുള്ളത്.
അതേസമയം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ നുഴഞ്ഞകയറി ടെന്‍ഡ് അടിച്ച ചൈനീസ് ട്രൂപ്പിന് ശക്തമായ സന്ദേശം നല്‍കണമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. പാകിസ്ഥാനായിരുന്നു ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ കടന്നതെങ്കില്‍ രാജ്യം മുഴുവന്‍ പ്രതിഷേധം വ്യാപിക്കുമായിരുന്നെന്നും അബ്ദുള്ള പറഞ്ഞു.

(Visited 4 times, 1 visits today)