റെയ്ത്ത്: റോള്‍സ് റോയ്‌സ് കാറുകളില്‍ കരുത്തന്‍

0

00205_481131ഇന്നേവരെ നിര്‍മ്മിച്ചതില്‍വച്ച് ഏറ്റവും കരുത്തനായ റോള്‍സ് റോയ്‌സ് കാര്‍; റെയ്ത്തിനെ നിര്‍മ്മാതാക്കള്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. സ്റ്റൈല്‍, ആഡംബരം, പൂര്‍ണത, കരവിരുത് എന്നിവയാണ് സൂപ്പര്‍ ലക്ഷ്വറി കാര്‍ ബ്രാന്‍ഡായ റോള്‍സ് റോയ്‌സ് കാറുകളെ മറ്റുള്ളവയില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. ഫാന്റത്തിനും ഗോസ്റ്റിനുംശേഷം വിപണിയിലെത്തുന്ന റോള്‍സ് റോയ്‌സ് മോഡലിന് ഒരു സവിശേഷത കൂടിയുണ്ടെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു- കരുത്ത്. നിര്‍മ്മാതാക്കളുടെ അവകാശവാദത്തെ അവിശ്വസിക്കേണ്ടതില്ല. പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ റെയ്ത്തിനുവേണ്ടത് 4.4 സെക്കന്‍ഡുകള്‍ മാത്രം. കരുത്തുറ്റ ഗോസ്റ്റിന് ഈ വേഗമാര്‍ജ്ജിക്കാന്‍ 4.7 സെക്കന്‍ഡുകള്‍ വേണം.

ആഡംബരത്തിനും കരവിരുതിന്റെ മികവിനുമൊപ്പം കരുത്തും വേണ്ടവര്‍ക്ക് വേണ്ടിയാണ് റെയ്ത്ത് നിര്‍മ്മിച്ചിരിക്കുന്നത്. ഗോസ്റ്റിന്റെ കൂപെ വകഭേദമെന്ന് റെയ്ത്തിനെ വിശേഷിപ്പിക്കാം.

റോള്‍സ് റോയ്‌സ് തനിമ നിലനിര്‍ത്തിക്കൊണ്ട് ആഡംബരത്തില്‍ വിട്ടുവീഴ്ചകള്‍ ചെയ്യാതെ രൂപകല്‍പ്പന ചെയ്തതാണ് റെയ്ത്തിന്റെ ഇന്റീരിയര്‍. ഏറ്റവും മൃദുലമായതെന്ന് നിര്‍മ്മാതാക്കള്‍ വിശേഷിപ്പിക്കുന്ന ഫാന്റം ഗ്രേഡ് ലെതറാണ് ഉള്‍വശത്ത്. തടിയും ഏറെ സവിശേഷം തന്നെ. സ്ഫടികത്തെക്കാള്‍ മിനുസമുള്ളതാണ് തടി ഫിനിഷുള്ള റെയ്ത്തിന്റെ ഡോര്‍ പാനലുകള്‍. നക്ഷത്രങ്ങള്‍ നിറഞ്ഞ രാത്രിയിലെ ആകാശത്തെ അനുസ്മരിപ്പിക്കും ഉള്‍വശത്തെ ലൈറ്റിങ്. 1340 ഫൈബര്‍ ഒപ്ടിക് ലാമ്പുകളാണ് റോള്‍സ് റോയ്‌സ് ഇതിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്. എല്ലാ റോള്‍സ് റോയ്‌സ് കാറുകളെയും പോലെ ടൂ ടോണ്‍ കളര്‍ സ്‌കീമാണ് റെയ്ത്തിനും.

വി 12 എന്‍ജിനും എട്ടു സ്പീഡ് ഓട്ടോമാറ്റിക് സെഡ് എഫ് ട്രാന്‍സ്മിഷനുമാണ് റെയ്ത്തിന്റെ കുതിപ്പിന് പിന്നില്‍. 624 ബ ി. എച്ച്. പി. പരമാവധി കരുത്ത് പകരുന്ന എന്‍ജിന്‍ 1500 ആര്‍ പി എമ്മില്‍ 800 എന്‍ എം പരമാവധി ടോര്‍ക്ക് നല്‍കും. രണ്ടുഡോറുള്ള ആഡംബരാ കാറിന് 5000 പൗണ്ടാണ് (2268 കെ.ജി.) ഭാരം.

വീതിയുള്ള റിയര്‍ട്രാക്ക്, കുറഞ്ഞ വീല്‍ ബെയ്‌സ്, ഉയരം കുറഞ്ഞ റൂഫ് എന്നിവയാണ് മറ്റുമോഡലുകളില്‍നിന്ന് വ്യത്യസ്തമായ റെയ്ത്തിനുള്ള സവിശേഷതകള്‍. ബോഡി റോളും കോര്‍ണറിങ് ഫീഡ്ബാക്കും പരമാവധി കുറയ്ക്കുന്ന തരത്തില്‍ വികസിപ്പിച്ചതാണ് സസ്‌പെന്‍ഷന്‍. ഉയര്‍ന്ന വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ കടുപ്പമേറുന്നതും കുറഞ്ഞ വേഗത്തില്‍ അനായാസം ഉപയോഗിക്കാന്‍ കഴിയുന്നതുമാണ് സ്റ്റിയറിങ് വീല്‍. സാറ്റലൈറ്റ് എയ്ഡഡ് ട്രാന്‍സ്മിഷന്‍ എന്ന സംവിധാനവും റെയ്ത്തില്‍ റോള്‍സ് റോയ്‌സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രൈവര്‍ക്ക് കാണാന്‍ കഴിയാത്ത മുന്നിലുള്ള പാതകള്‍ ഉപഗ്രഹ സഹായത്തോടെ നിരീക്ഷിച്ച് ഗിയര്‍ താനെ മാറ്റുന്ന സംവിധാനമാണിത്.

അഡാപ്റ്റീവ് ഹെഡ് ലൈറ്റുകള്‍, കീലെസ് ഓപ്പണിങ് ബൂട്ട്, വണ്‍ടച്ച് കോള്‍ ബട്ടണ്‍, വോയ്‌സ കമാന്‍ഡ് സംവിധാനം എന്നിവയും റെയ്ത്തിലുണ്ട്. ജനീവ മോട്ടോര്‍ഷോയില്‍ വാഹന പ്രേമികളുടെ മനംകവര്‍ന്ന റെയ്ത്ത് 2013 അവസാനത്തോടെ നിരത്തിലിറങ്ങും.

(Visited 5 times, 1 visits today)