മോഡിയുമായുള്ള കൂടിക്കാഴ്ച തെറ്റായിപ്പോയെന്ന് ഷിബു ബേബി ജോണ്‍

0

MODI-AND-SHIBU
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുമായി നടത്തിയ കൂടിക്കാഴ്ച തെറ്റായിപ്പോയെന്നു മന്ത്രി ഷിബു ബേബി ജോണ്‍. കൂടിക്കാഴ്ച വിവാദമായ സാഹചര്യത്തിലാണ് ഏറ്റുപറച്ചില്‍.

അഹമ്മദാബാദില്‍ വ്യാഴാഴ്ചയായിരുന്നു കൂടിക്കാഴ്ച. ഗുജറാത്തുമായി സഹകരിച്ച് കേരളത്തില്‍ ചില പദ്ധതികള്‍ തുടങ്ങുന്നതിന്റെ സാധ്യതകള്‍ ഇരുവരും ചര്‍ച്ച ചെയ്തു. കേരളത്തിന്റെ പൈതൃകത്തിന്റെ പ്രതീകമായ ആറന്‍മുളക്കണ്ണാടി ഷിബു ബേബി ജോണ്‍ നരേന്ദ്രമോഡിക്ക് സമ്മാനിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിലെ യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രി അഹമ്മദാബാദില്‍ പോയത്. മുന്‍നിശ്ചയപ്രകാരം ഗുജറാത്ത് തൊഴില്‍മന്ത്രിയാണ് കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയത്.

തൊഴില്‍വൈദഗ്ധ്യ വികസനത്തില്‍ ഗുജറാത്തിന്റെ മാതൃക കേരളത്തിന് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ചര്‍ച്ച ചെയ്തതായി മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. ഗുജറാത്ത് മാതൃകയില്‍ നോളജ് സിറ്റിയെക്കുറിച്ച് ആലോചിക്കുന്നുണ്ട്. ഗുജറാത്തിലെ എന്റര്‍പ്രനര്‍ഷിപ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അനുബന്ധസ്ഥാപനം കേരളത്തില്‍ തുടങ്ങാന്‍ സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.

എന്നാല്‍ കൂടിക്കാഴ്ചയുടെ വിവരം പുറത്തറിഞ്ഞതോടെ ശക്തമായ എതിര്‍പ്പുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തു വന്നു. കേരളവികസനത്തിന് മോഡിയുടെ ഔദാര്യം വേണ്ടെന്ന് ചീഫ് വിപ് പി. സി. ജോര്‍ജ് പ്രതികരിച്ചു. മുഖ്യമന്ത്രിയുെട അറിവോടെയാണോ ഈ സന്ദര്‍ശനമെന്ന് അറിയേണ്ടതുണ്ട്. രാഷ്ട്രീയകാഴ്ചപ്പാടിനാണ് പ്രാധാന്യം. മോഡി ന്യൂനപക്ഷവിരുദ്ധനാണെന്നും ജോര്‍ജ് ആരോപിച്ചു.മന്ത്രിമാരുടെ സന്ദര്‍ശനം മുഖ്യമന്ത്രി നിയന്ത്രിക്കണമെന്ന് വയലാര്‍ രവി. ഗുജറാത്തിനെയല്ല കേരളത്തിനെയാണ് മാതൃകയാക്കേണ്ടതെന്നും പറഞ്ഞു.

മന്ത്രി ഷിബു മോഡിയെ കണ്ടതിനെ എതിര്‍ത്ത് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഗുജറാത്ത് മോഡല്‍ വികസനത്തെ കോണ്‍ഗ്രസ് അംഗീകരിക്കില്ല. കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയല്ല. തനിക്കും ഇക്കാര്യം അറിയില്ലെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി.
ഷിബു ബേബി ജോണ്‍ മോഡിയെ കണ്ടതിനെ കുറിച്ച് മറുപടി പറയേണ്ടത് മുഖ്യമന്ത്രിയെന്ന് കേന്ദ്ര സഹമന്ത്രി കെ.സി.വേണുഗോപാല്‍ പറഞ്ഞു. ഗുജറാത്ത് മോഡലിനെ മഹത്വവല്‍ക്കരിക്കേണ്ട ആവശ്യമില്ല. കൊട്ടിഘോഷിക്കുന്ന വികസനം മാത്രമാണ് ഗുജറാത്തിലേതെന്നും വേണുഗോപാല്‍ പറഞ്ഞു.

ന്നൊല്‍ ഷിബു ബേബി ജോണിന്റെ സന്ദര്‍ശനത്തില്‍ തെറ്റില്ലെന്നാണ് ബിജെപി നേതാവ് ഒ. രാജഗോപാല്‍ പ്രതികരിച്ചത്. . നല്ലമന്ത്രിമാര്‍ എവിടെ നല്ലകാര്യങ്ങളുണ്ടായാലും അത് അറിയാനും പഠിക്കാനും ശ്രമിക്കുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

 

(Visited 3 times, 1 visits today)