മുഷറഫിനു ആജീവനാന്ത വിലക്ക്

0

musharaf
പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനു തിരഞ്ഞടുപ്പില്‍ മല്‍സരിക്കുന്നതിനു ആജീവനാന്ത വിലക്ക്. പെഷവാര്‍ ഹൈക്കോടതിയിലെ നാലംഗബെഞ്ചിന്റേതാണ് വിധി. നാമനിര്‍ദേശപത്രിക സ്വീകരിക്കാത്തതിനെതിരെ മുഷറഫ് സമര്‍പ്പിച്ച ഹര്‍ജി തള്ളി. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മുഷറഫിന്റെ അഭിഭാഷകന്‍ അറിയിച്ചു.

സൈനിക മേധാവിയായിരിക്കെ, ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കുകയും പിന്നീടു പ്രസിഡന്റുപദവി ഏറ്റെടുക്കുകയും ചെയ്ത മുഷറഫ് നാലുവര്‍ഷത്തെ പ്രവാസത്തിനുശേഷം ഈയിടെയാണു പാക്കിസ്ഥാനില്‍ തിരിച്ചെത്തിയത്.

2007ലെ അടിയന്തരാവസ്ഥയ്ക്കിടെ അറുപതിലേറെ ജഡ്ജിമാരെ തടവിലാക്കിയ കേസില്‍ അറസ്റ്റിലായ മുഷറഫ് ഇപ്പോള്‍ സബ് ജയിലായി പ്രഖ്യാപിച്ച ഫാംഹൗസില്‍ തടവിലാണ്. ബേനസീര്‍ ഭൂട്ടോ വധക്കേസിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ബലൂച് നേതാവ്അക്ബര്‍ ബുഗ്തിയുടെ വധം ഉള്‍പ്പെടെ മറ്റു കേസുകളും അദ്ദേഹത്തിനെതിരെയുണ്ട്.

 

(Visited 3 times, 1 visits today)