‘മിത്രോം നിങ്ങളുടെ കൈകള്‍ നിങ്ങളുടെ പോക്കറ്റിലിടുക. ജനങ്ങള്‍ കൈകള്‍ പോക്കറ്റിലിട്ടു. നിങ്ങളുടെ പോക്കറ്റിലെ പണം വെറും കടലാസായിക്കഴിഞ്ഞു’രാഹുല്‍ഗാന്ധി

0

നോട്ട് അസാധുവാക്കല്‍മൂലം ജനം നേരിടുന്ന പ്രശ്‌നങ്ങളില്‍ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജനവേദനസമ്മേളനത്തില്‍ പതിവുശൈലിവിട്ട് പ്രധാനമന്ത്രിയെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്ത് രാഹുല്‍ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രസംഗശൈലിയെ വ്യംഗ്യമായി അനുകരിച്ചുകൊണ്ടായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ പരിഹാസശരങ്ങള്‍.

ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ ചില ജനപ്രിയവാചകങ്ങളും രാഹുല്‍ ഓര്‍മിപ്പിച്ചു.ഒരു ജാലവിദ്യക്കാരന്റെ വാക്കുകള്‍ എന്നനിലയിലായിരുന്നു പരാമര്‍ശങ്ങള്‍. ”മിത്രോം… നിങ്ങളുടെ കൈകള്‍ നിങ്ങളുടെ പോക്കറ്റിലിടുക. ജനങ്ങള്‍ കൈകള്‍ പോക്കറ്റിലിട്ടു. നിങ്ങളുടെ പോക്കറ്റിലെ പണം വെറും കടലാസായിക്കഴിഞ്ഞു” പ്രധാനമന്ത്രിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ പരിഹസിച്ച് രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ വിവിധ പ്രഖ്യാപനങ്ങളേയും അദ്ദേഹം പരിഹസിച്ചു. ”സ്വച്ഛ്ഭാരത്, മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ, മിന്നലാക്രമണം, നോട്ട് അസാധുവാക്കല്‍ തുടങ്ങി ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് മാറുകയാണ് പ്രധാനമന്ത്രി. ഒന്നും പൂര്‍ത്തിയാക്കുന്നില്ല. ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തി. തനിക്കും ഒരു മിന്നലാക്രമണം നടത്താമെന്നായി പ്രധാനമന്ത്രിയുടെ ചിന്ത. ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കെതിരേ അദ്ദേഹം നടത്തിയ മിന്നലാക്രമണമാണ് നോട്ട് അസാധുവാക്കല്‍” രാഹുല്‍ ഗാന്ധി പരിഹസിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേയും രാഹുല്‍ ഒളിയമ്പെയ്തു. മാധ്യമങ്ങളെയും ഭയപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന വിമര്‍ശവും അദ്ദേഹം ഉന്നയിച്ചു. പല മാധ്യമപ്രവര്‍ത്തകരും തന്നോട് സംസാരിക്കാറുണ്ട്. കാര്യങ്ങള്‍ നല്ലനിലയിലല്ല എന്ന് അവര്‍ പറയാറുണ്ട്. പക്ഷേ, അവരെയും എന്തോ ഭയംബാധിച്ചിട്ടുണ്ട്. ”എനിക്കെതിരേ മാധ്യമപ്രവര്‍ത്തകര്‍ എന്തുവേണമെങ്കിലും എഴുതിക്കോളൂ. നിങ്ങളെ ഭയപ്പെടുത്താന്‍ ഞാനോ കോണ്‍ഗ്രസ് പാര്‍ട്ടിയോ മുതിരില്ല” രാഹുല്‍ ഗാന്ധി പറഞ്ഞു.

(Visited 5 times, 1 visits today)