മന്ത്രിസഭ പുനഃസംഘടനയില്‍ തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ചെന്നിത്തല

0

 

മന്ത്രിസഭ പുനഃസംഘടനയില്‍ തന്നെ പരിഗണിക്കേണ്ടതില്ലെന്ന് രമേശ് ചെന്നിത്തല. ചെന്നിത്തല ഇത് ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം. കെപിസിസി പ്രസിഡന്‍റായി തുടരാനാണ് താല്‍പര്യമെന്നും ചെന്നിത്തല അറിയിച്ചു. പൊതുതെരഞ്ഞെടുപ്പിലെ നേട്ടത്തിനായി പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെന്നും രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചു.

 

മുഖ്യമന്ത്രി​ ഉമ്മന്‍ ചാണ്ടി​ ഇന്ന് സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. അതിന് മുമ്പാണ് രമേശ് ചെന്നിത്തല താന്‍​ മന്ത്രിസഭയിലേക്ക് ഇല്ലെന്ന കാര്യം വ്യക്തമാക്കിയത്.

 

നേരത്തെ കേരള യാത്രയെത്തുടര്‍ന്ന് രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കെന്ന വാര്‍ത്ത വന്നിരുന്നു. സജീവമായി ഈ വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തു. എന്നാല്‍ എ, ഐ ഗ്രൂപ്പുപോരില്‍ അത് സാധ്യമായില്ല. ആഭ്യന്തരമന്ത്രി പദവിയില്ലെങ്കില്‍ മന്ത്രിസഭയിലേക്കില്ലെന്ന നിലപാട് എടുത്തതിനെത്തുടര്‍ന്നാണ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭ പ്രവേശനം നടക്കാതെ പോയത്. ഹൈക്കമാന്‍ഡും ഈ വിഷയത്തില്‍ രമേശ് ചെന്നിത്തലയെ പിന്തുണച്ചില്ല. മന്ത്രിസഭയില്‍ അംഗമാക്കാം, എന്നാല്‍ ആഭ്യന്തര മന്ത്രിസ്ഥാനം നല്‍കേണ്ടതില്ലെന്ന നിലപാടാണ് ഹൈക്കമാന്‍ഡ് ഈ വിഷയത്തില്‍ സ്വീകരിച്ചത്.

 

അതിന് പിന്നാലെയാണ് സോളാര്‍ വിവാദം കത്തിപടര്‍ന്നതും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജി വെയ്ക്കണമെന്ന ആവശ്യം ശക്തമായതും. സോളാര്‍ വിവാദം ഇത്രയും രൂക്ഷമായതിന് പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരും ഒരുപരിധിവരെ കാരണമാണെന്ന ധാരണ ശക്തമാണ്. രമേശ് ചെന്നിത്തലയെ മന്ത്രിസഭയില്‍ എടുത്തുകൊണ്ട് ഈ ഗ്രൂപ്പുപോരിന് താല്‍ക്കാലിക ശമനമുണ്ടാക്കുമെന്നും സൂചനയുണ്ടായിരുന്നു.

 

അതിനിടയിലാണ് രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് ഇല്ലെന്ന തന്‍റെ നിലപാട് ഹൈക്കമാന്‍ഡിനെ​ അറിയിച്ചിരിക്കുന്നത്.

RAMESH_CHENNITHALA_9010e

(Visited 6 times, 1 visits today)