ബംഗ്ലാദേശില്‍ എട്ടുനിലകെട്ടിടം തകര്‍ന്ന് 147 മരണം

0

Bangladesh
ബംഗ്ലാദേശില്‍ എട്ടുനിലകെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 147 ആയി. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. തലസ്ഥാനമായ ധാക്കയുടെ പ്രാന്തപ്രദേശത്തുള്ള റാണ പ്ലാസ എന്ന വാണിജ്യസമുച്ചയമാണ് തകര്‍ന്നുവീണത്. നിരവധി പേര്‍ തകര്‍ന്നു വീണ് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
കോണ്‍ക്രീറ്റ് കട്ടിംഗ് മെഷിനുകളുടെയും മറ്റും സഹായത്തോടെ പോലീസും നാട്ടുകാരും രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.
300 ഓളം കടകള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നത്. റെഡിമെയ്ഡ് വസ്ത്രനിര്‍മ്മാണശാല, ബാങ്കുകളുടെ ശാഖകള്‍, നിരവധി ഷോറൂമകള്‍ എന്നിവയും ഈ ബഹുനിലകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. കെട്ടിടം നിയമവിരുദ്ധമായി നിര്‍മ്മിച്ചതെന്നാണ് വിവരം.
ഇന്നലെ രാവിലെ പ്രദേശിക സമയം 9 നാണ് സംഭവം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ വ്യാപകമായി ദുഖാചരണം ആചരിക്കാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന ജനങ്ങളോട് ആഹ്വാനം ചെയ്തു.
ചൊവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് കെട്ടിടത്തില്‍ വിള്ളല്‍ ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടെന്ന് കെട്ടിടത്തിലെ വാണിജ്യസമുച്ചയങ്ങളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ പരാതിപ്പെട്ടു. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടും ജോലി തുടരാനാണ് കമ്പനി മാനേജര്‍മാര്‍ പറഞ്ഞതെന്നും ഇവര്‍ ആരോപിക്കുന്നു. ഏകദേശം അയ്യായിരത്തോളം തൊഴിലാളികള്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നതായിട്ടാണ് വിവരം. കെട്ടിട ഉടമകള്‍ ഇപ്പോള്‍ ഒളിവിലാണ്.

(Visited 2 times, 1 visits today)