പ്രണയാധുരമായ ആ വരികള്‍ മറഞ്ഞിട്ട്‌ ആറു വര്‍ഷം….

0

hqdefault
സംഗീത പ്രേമികള്‍ എക്കാലത്തും മനസ്സില്‍ ഓര്‍ത്തുവെക്കുന്ന ഒരുപിടി മലയാള സിനിമാഗാനങ്ങള്‍ സമ്മാനിച്ച് മലയാളത്തിന്‍െറ പ്രിയപ്പെട്ട കലാകാരന്‍ ഓര്‍മയായിട്ട് ഇന്നേക്ക് ആറുവര്‍ഷം,ഒരു കാലഘട്ടത്തില്‍ മലയാളിയുടെ പ്രണയത്തിനും, വിരഹത്തിനും,ദുഖത്തിനും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളായിരുന്നു ഭാവം പകര്‍ന്നിരുന്നത്………അകാലത്തില്‍ പിരിഞ്ഞുപോയ കലാകാരന് പക്ഷേ, വര്‍ഷങ്ങള്‍കഴിഞ്ഞിട്ടും എവിടെയും ഒരുസ്മാരകംപോലും ഉയര്‍ന്നില്ല. 300ലധികം ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വഹിക്കുകയും ഏഴുതവണ സംസ്ഥാന സര്‍ക്കാറിന്‍െറ പുരസ്കാരം ലഭിക്കുകയും ചെയ്ത ഈ കലാകാരന്‍െറ ഓര്‍മക്കായി സംസ്ഥാനസര്‍ക്കാറും ഒന്നും ചെയ്തില്ല.
ഗാനരചനക്കൊപ്പം നാലു ചിത്രങ്ങള്‍ക്ക് തിരക്കഥയുമെഴുതിയ ഇദ്ദേഹത്തെ കൊച്ചിന്‍ ഹനീഫയെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പുകള്‍ എഴുതുന്നതിനിടെയാണ് 2010ല്‍ മസ്തിഷ്കാഘാതത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ജോണിവാക്കര്‍, ദേവാസുരം, രാവണപ്രഭു, ബാലേട്ടന്‍, മിന്നാരം, ആറാംതമ്പുരാന്‍ തുടങ്ങി സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ഹിറ്റ്ഗാനങ്ങള്‍ എഴുതി പ്രശസ്തിയുടെ കൊടുമുടിയില്‍ വിരാജിച്ചപ്പോഴും ജന്മനാടിനെ പിരിയാന്‍ ഗിരീഷിനുമടിയായിരുന്നു. നാടന്‍പാട്ടിന്‍െറയും കൊയ്ത്തുപാട്ടിന്‍െറയും ഈണംമീട്ടി തന്നെ വളര്‍ത്തിയ പുത്തഞ്ചേരി ഗ്രാമവും ബാല്യകാല സൗഹൃദങ്ങളുംതേടി തിരക്കുകള്‍ക്കിടയിലും അദ്ദേഹമത്തെുമായിരുന്നു. ഗിരീഷിന്‍െറ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച ശില്‍പി കലാസമിതി പുത്തഞ്ചേരിയില്‍ നിര്‍മിച്ച ഒരു ബസ് കാത്തിരിപ്പുകേന്ദ്രവും ഗിരീഷ് പഠിച്ച തൊട്ടടുത്ത സര്‍ക്കാര്‍ എല്‍.പി സ്കൂളിലെ സ്റ്റേജും മാത്രമാണ് ഓര്‍മക്കായി ഇപ്പോള്‍ നിലവിലുള്ളത് എന്നതാണ് ഏറെ ഖേദകരം. ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പണിയുമെന്ന് പറഞ്ഞിരുന്ന സ്മാരകം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോഴും കടലാസില്‍ ഉറങ്ങുകയുമാണ്. കോഴിക്കോട് ഉള്ള്യേരി റൂട്ടില്‍ കൂമുള്ളി അങ്ങാടിയില്‍ ഗിരീഷ് പുത്തഞ്ചേരിയുടെ പേരില്‍ നാമകരണം ചെയ്ത റോഡിന് ജില്ലാപഞ്ചായത്ത് സ്ഥാപിച്ച കൊച്ചുബോര്‍ഡ് മതി അവഗണനയുടെ സാക്ഷ്യപത്രമായി. അതേസമയം, സ്ഥലം ലഭ്യമാവുന്ന മുറക്ക് അദ്ദേഹത്തിനു പുത്തഞ്ചേരിയില്‍തന്നെ ഉചിതമായ സ്മാരകം പണിയുന്നകാര്യം സജീവ പരിഗണനയിലാണെന്ന് ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷാജു ചെറുക്കാവില്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ബുധനാഴ്ച വൈകീട്ട് ചെന്താര പുത്തഞ്ചേരിയുടെ ആഭിമുഖ്യത്തില്‍ ഗിരീഷ് അനുസ്മരണവും സാംസ്കാരിക സായാഹ്നവും നടക്കും.
സ്മാരകങ്ങളുയര്‍ന്നില്ളെങ്കിലും വീണുടഞ്ഞുപോയ സൂര്യകിരീടത്തെ ഓര്‍ത്ത് വേദന ഉള്ളിലൊതുക്കി ഗിരീഷിന്‍െറ സഹപാഠികളും നാട്ടുകാരും ബുധനാഴ്ച രാവിലെ പുത്തഞ്ചേരിയില്‍ ഒത്തുചേരും. ശില്‍പി പുത്തഞ്ചേരി സ്ഥാപിച്ച ഛായാപടത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയും അതുല്യ കലാകാരനോട് കാണിച്ച അവഗണനയില്‍ വേദനപങ്കിട്ടും അവര്‍ പിരിയും.

(Visited 3 times, 1 visits today)