പെണ്ണിന്റെ കണ്ണീരുണങ്ങാതെ ‘മഹാഭാരതം’

0

ന്യൂഡല്‍ഹി : ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷയുമില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നു. പഞ്ചാബിലെ ലുധിയാനയില്‍ നാലു പുരുഷന്മാര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ നിഷ്‌കരുണം തല്ലിച്ചതക്കുന്ന വീഡിയോയാണ് പുറത്തു വന്നത്.

വായ്പ നല്‍കിയ പണം തിരികെ ചോദിച്ചപ്പോഴാണ് സ്ത്രീയെ നാലുപേര്‍ വടികളും ഇരുമ്പുദണ്ഡുകളും കൊണ്ട് മര്‍ദിച്ചതത്രെ. ഓരോ അടിയും തടയാന്‍ സ്ത്രീ ശ്രമിക്കുന്നുണ്ടെങ്കിലും വിഫലമാകുന്നതായി വീഡിയോയില്‍ കാണുന്നു. രക്ഷപ്പെടാന്‍ അവര്‍ ഓടുന്നുമുണ്ട്. എന്നാല്‍ എല്ലാവരും ചേര്‍ന്ന് വളഞ്ഞാക്രമിക്കുകയാണ് ചെയ്യുന്നത്. മറ്റൊരു സ്ത്രീയും വൃദ്ധനും അവളെ രക്ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സംഘം അവരെ തല്ലിയോടിക്കുന്നു. താഴെവീണിട്ടും സ്ത്രീയെ തല്ലുന്നതായും വീഡിയോയിലുണ്ട്. ഇതെല്ലാം ദൃക്‌സാക്ഷികളിലൊരാള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചശേഷം സ്ത്രീക്ക് കൈമാറുകയായിരുന്നു. അവര്‍ അത് പൊലീസിനെ ഏല്‍പ്പിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അവരെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

ബീഹാര്‍ സ്വദേശിനിയായ സ്ത്രീ 20,000 രൂപ അക്രമികളിലൊരാള്‍ക്ക് വായ്പ നല്‍കിയിരുന്നു. അത് തിരികെ ചോദിച്ചതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയത്.

രാജ്യത്ത് സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ ഈയിടെയായി വര്‍ധിച്ചുവരികയാണ്. കഴിഞ്ഞമാസം ലൈംഗികാക്രമണത്തെക്കുറിച്ച് പരാതിപ്പെട്ടതിന് ഒരു സ്ത്രീയെ തല്ലിച്ചതക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഡിസംബറില്‍ ന്യൂഡല്‍ഹിയിലെ ബസില്‍ ആറുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത് വ്യാപകമായ പ്രതിഷേധമുണ്ടാക്കിയിരുന്നു. പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച സംഭത്തില്‍ പ്രതിയെ അറസ്റ്റു ചെയ്തെങ്കിലും സ്ത്രീകള്‍ക്കു രക്ഷയില്ലാത്ത നാടെന്ന ദുഷ്പേര് ഇന്‍ഡ്യയുടെ മേല്‍ വീണ്ടും വീണ്ടും ചാര്‍ത്തപ്പെടുകയാണ്.

(Visited 11 times, 1 visits today)