പുരുഷന്മാര്‍ക്കും ഇനി പ്രസവവേദന അറിയാം..!!

0

ഗര്‍ഭം ധരിക്കുന്നതും പ്രസവ വേദന അനുഭവിക്കുന്നതും സ്ത്രീകളുടെ മാത്രം അവകാശമാണെന്നായിരുന്നു ഇതുവരെ എല്ലാവരുടേയും ധാരണ. എന്നാൽ ഇത് തിരുത്തിയിരിക്കുകയാണ് ചൈനയിലെ പുരുഷന്മാര്‍. കിഴക്കൻ ചൈനയിലെ ഷാങ്ഡോങ് പ്രവിശ്യയിലെ ജിനാന്‍ നഗരത്തിലാണു പ്രസവവേദന പുരുഷന്മാര്‍ക്കും അറിയാനുള്ള സിമുലേറ്റര്‍ സംവിധാനം ആരംഭിച്ചത്. പുരുഷന്മാരുടെ അടിവയറ്റിലെ മസിലുകളില്‍ ഇലക്ട്രിക്ക് ഷോക്ക് നല്‍കി ഉത്തേജിപ്പിച്ചാണ് പ്രസവ വേദന അനുഭവിപ്പിച്ചത്.വേദന അനുഭവിക്കാൻ തയാറായവർ മിക്കവരും ഗർഭിണികളുടെ ഭർത്താക്കന്മാരാണ്. പലരും വേദന കൊണ്ട് പുളയുകയായിരുന്നു. സെക്കന്റുകള്‍ മാത്രം വേദന താങ്ങാനെ പലര്‍ക്കും കഴിഞ്ഞുള്ളു. എതായാലും തന്റെ കുഞ്ഞിനെ പ്രസവിക്കുമ്പോള്‍ ഭാര്യ ഇത്രയും കഠിനമായ വേദന അനുഭവിക്കുന്നുണ്ടെന്നറിഞ്ഞ പുരുഷന്മാര്‍ ഇനി മുതല്‍ ഭാര്യമാരെ കൂടുതല്‍ ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുമെന്ന് സമ്മതിച്ച് കഴിഞ്ഞു എന്നാണ്.പുരുഷന്‍മാരെ പ്രസവ വേദന അനുഭവിപ്പിക്കുന്ന ‘പെയിന്‍ പ്രോഗ്രാമുകള്‍’ ചൈനയില്‍ ഫാഷനാവുകയാണ്. അടുത്തിടെ നാന്‍ചങ് സിറ്റിയിലെ ജിയാങ് ക്സി പ്രവിശ്യയിലെ പ്രാദേശിക ചാനല്‍ മറ്റൊരു ‘പെയിന്‍ പ്രോഗ്രാം’ സംഘടിപ്പിച്ചിരുന്നു. 20 പുരുഷ വളണ്ടിയര്‍മാരാണ് ഈ റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. 10 ഘട്ടങ്ങളിലായി വേദനയുണ്ടാക്കുന്ന ഇലക്ട്രിക് ഷോക്കുകള്‍ ആണ് പുരുഷന്‍മാരുടെ ഉദരത്തില്‍ നല്‍കിയത്. അവസാനമാകുമ്പോള്‍ വേദനയുടെ കാഠിന്യവും കൂടും. ഓരോ വളണ്ടിയര്‍ക്കും സഹിക്കാവുന്ന വേദനയാണ് ആശുപത്രിയിലെ ടെക്നീഷ്യന്‍മാര്‍ നല്‍കുന്നത്. എന്നാല്‍ ഭൂരിഭാഗം വളണ്ടിയര്‍മാര്‍ക്കും ഏതാനും മിനിറ്റുകള്‍ മാത്രമേ ഈ വേദന സഹിക്കാനായുള്ളൂ. ഗര്‍ഭിണികളെയും പ്രസവത്തെയും ആദരവോടെ കാണണമെന്ന ബോധവത്കരണമാണ് തങ്ങള്‍ പുതിയ പദ്ധതിയുടെ ഉദ്ദേശ്യമെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

(Visited 4 times, 1 visits today)