പറമ്പിക്കുളം ആളിയാര്‍ തര്‍ക്കം: തമിഴ്‌നാടുമായി കേരളം ഇന്നു ചര്‍ച്ച നടത്തും

0

parambikulam-wildlife-sanctuary
പറമ്പിക്കുളം ആളിയാര്‍ പദ്ധതിയില്‍ നിന്ന് കേരളത്തിന് വെളളം നല്‍കുന്നതു സംബന്ധിച്ച തര്‍ക്കം പരിഹരിക്കാന്‍, തമിഴ്‌നാടുമായി കേരളം ഇന്നു ചര്‍ച്ച നടത്തും. മന്ത്രി പി.ജെ.ജോസഫും, തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ.വി.രാമലിംഗവും തമ്മില്‍ തിരുവനന്തപുരത്താണ് ചര്‍ച്ച. ആളിയാറില്‍ നിന്ന് ചിറ്റൂര്‍പുഴയിലേക്ക് വെളളം ലഭിച്ചാല്‍ , ശിരുവാണിയില്‍ നിന്ന് തമിഴ്‌നാടിന് കൂടുതല്‍വെളളം കൊടുക്കുന്നകാര്യം പരിഗണിക്കുമെന്നാണ് കേരളത്തിന്റെ നിലപാട്.

അര്‍ഹതപ്പെട്ടവെളളം കിട്ടുന്നതിനായി കേരളം ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ച നടത്തിയും സുപ്രീംകോടതിയെ സമീപിച്ചിരിക്കെയാണ് തമിഴ്‌നാട് ചര്‍ച്ചക്കായി മുന്നോട്ടുവന്നത്. തമിഴ്‌നാട് ചര്‍ച്ചക്ക് തയ്യാറായാല്‍ പൊസിറ്റീവായി കാണുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു. പക്ഷേ ചര്‍ച്ചയിലൂടെ തമിഴ്‌നാടിന്റെ ഉദ്ദേശം മറ്റൊന്നാണ്. പറമ്പിക്കുളം ആളിയാര്‍ പദ്ധതിയില്‍ നിന്ന് അര്‍ഹതപ്പെട്ട ജലം വേണമെന്ന് കേരളം ആവശ്യപ്പെട്ടപ്പോള്‍ തമിഴ്‌നാട് മറ്റൊരാവശ്യവുമായി വിലപേശാന്‍ തുടങ്ങി.

കോയമ്പത്തൂരിലേക്ക് കേരളം ശിരുവാണി അണക്കെട്ടില്‍ നിന്ന് നല്‍കുന്ന വെളളത്തിന്റെ അളവ് കൂട്ടണമെന്നാണ് തമിഴ്‌നാട് ഉന്നയിക്കുന്നത്. ആളിയാറില്‍ നിന്ന് ഒരു ജലവര്‍ഷത്തില്‍ 7.25 ടിഎംസി വെളളം തമിഴ്‌നാട് നല്‍കണം. 5.4 ടിഎംസി വെളളം മാത്രമാണ് നല്‍കിയത്. ബാക്കിയുളള 2.21 ടി.എംസി വെളളമാണ് കേരളം ചോദിച്ചത്. കോയമ്പത്തൂര്‍ കോര്‍പറേഷനിലും പരിസരങ്ങളിലും കുടിവെളള വിതരണത്തിനായി ഒരു ജലവര്‍ഷം 1.3 ടി.എം.സി വെളളം ശിരുവാണി നദീജലകരാര്‍ പ്രകാരം തമിഴ്‌നാടിന് കേരളം നല്‍കുന്നു. ഇപ്പോള്‍ അതിലും കൂടുതല്‍ വെളളം വേണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. അതായത് കേരളം അര്‍ഹതപ്പെട്ടത് ചോദിച്ചപ്പോള്‍ പറമ്പിക്കുളം ചര്‍ച്ചയുടെ പേരില്‍ ശിരുവാണിയിലൂടെ കൂടുതല്‍ വെളളം കടത്താനാണ് തമിഴ്‌നാടിന്റെ ഉദ്ദേശം. നഷ്ടം കേരളത്തിനു തന്നെ. എന്തായാലും വരണ്ടുണങ്ങിയ പാലക്കാടിന് ആശ്വാസമാകുമോ മന്ത്രിതല ചര്‍ച്ച. ചര്‍ച്ച കഴിയും വരെ കാത്തിരിക്കാം.

 

(Visited 8 times, 1 visits today)