നാറാത്ത് കേസ് എന്‍ഐഎയ്ക്കു വിടാമെന്ന് ഡിജിപി

0

terror1EPS
കണ്ണൂര്‍ നാറാത്ത് ആയുധശേഖരവും ബോംബുകളും പിടിച്ചെടുത്ത കേസ് എന്‍ഐഎയ്ക്ക് വിടാമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാര്‍ശ. ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം ശുപാര്‍ശ ആഭ്യന്തരവകുപ്പിന് കൈമാറി. ശുപാര്‍ശ അംഗീകരിച്ച് ആഭ്യന്തര വകുപ്പ് ഉടന്‍ കേന്ദ്രത്തിന് അയക്കും.

കണ്ണൂരില്‍ നിന്നുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടുകള്‍ സൂക്ഷ്മമായി വിശകലനം ചെയ്താണ് കേസ് എന്‍ഐഎക്ക് വിടാമെന്ന് ഡിജിപി ശുപാര്‍ശ ചെയ്യുന്നത്. പ്രധാനമായും സംഭവത്തിന്റെ വിദേശബന്ധം ഡിജിപി ചൂണ്ടിക്കാട്ടുന്നു. ഇറാന്‍ ബന്ധം സൂചിപ്പിക്കുന്ന കാര്‍ഡുകളും വിദേശ കറന്‍സികളും പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ബോംബുകളും ആയുധങ്ങളും സംഭരിച്ച് സൂക്ഷിച്ചത് വിധ്വംസക പ്രവര്‍ത്തനത്തിനാണ് എന്ന് തന്നെ സംശയിക്കാവുന്നതാണ്. വര്‍ഗീയമായി ചേരിതിരിഞ്ഞ് അക്രമം നടത്തി ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിലായവരുടെ കൂട്ടത്തിലുണ്ട്. പൊലീസ് റെയ്ഡിന് മുന്‍പ് സ്ഥലത്ത് നിന്ന് രക്ഷപെട്ടയാളും സമാനമായ കേസില്‍പെട്ടിട്ടുണ്ട്.

ഇവക്കെല്ലാം പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം വ്യക്തമാകാന്‍ പാകത്തില്‍ സംഘടനയുടെ പേരില്‍ അച്ചടിച്ച പ്രസിദ്ധീകരണങ്ങള്‍ പലതും റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും ഡിജിപി ചൂണ്ടിക്കാട്ടുന്നു. പോപ്പുലര്‍ ഫ്രണ്ട് വിദേശത്തുനിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്നതിന്റെ സൂചനകള്‍ കിട്ടിയിട്ടുണ്ടെന്നും കൂടുതല്‍ പരിശോധന ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

സാഹചര്യങ്ങള്‍ ഇങ്ങനെ വിശദീകരിച്ചാണ് പൊലീസിന് പരിമിതിയുണ്ടെന്നും കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറുന്നതാണ് ഉചിതമെന്നും ഡിജിപി കെഎസ് ബാലസുബ്രഹ്മണ്യം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്നത്. കേസ് എന്‍ഐഎക്ക് വിടാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്.

 

(Visited 3 times, 1 visits today)