നഴ്‌സിംഗ് ജോലി തട്ടിപ്പ് കണ്‍സള്‍ട്ടന്‍സിക്കെതിരെ പ്രതിഷേധം

0

logo
വിദേശത്ത് നഴ്‌സിംഗ് ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയതായി ആരോപണം. എറണാകുളം പനമ്പിള്ളി നഗറിലെ അല്‍റാസി മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സിക്കെതിരായാണ് ഉദ്യോഗാര്‍ത്ഥികളുടെ മാതാപിതാക്കളും നഴ്‌സിംഗ് സംഘടനകളും രംഗത്തെത്തിയിരിക്കുന്നത്. തട്ടിപ്പിനിരയായവരില്‍ ഒരാള്‍ ഇപ്പോഴും നാട്ടിലെത്താനാകാതെ ഖത്തറില്‍ കുടുങ്ങിയിരിക്കുകയാണ്.
നഴിസിംഗ് ജോലിക്കായി വിസിറ്റിങ് വിസയിലാണ് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സിയായ അല്‍റാസി തൃശൂര്‍ സ്വദേശി എല്‍ദോയെ ഖത്തറിലെത്തിച്ചത്. വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് മൂന്ന് മാസമായി എല്‍ദോ ഖത്തറില്‍ കുടുങ്ങിയിരിക്കുകയാണ്. മൂന്നരലക്ഷം പിഴ അടച്ചാല്‍ മാത്രമേ എല്‍ദോയ്ക്ക് നാട്ടില്‍ തിരിച്ചെത്താന്‍ കഴിയുകയുള്ളു. എന്നാല്‍ ഈ തുക അടയ്ക്കാന്‍ ഏജന്‍സി തയ്യാറാകുന്നില്ലെന്നാണ് എല്‍ദോയുടെ മാതാപിതാക്കളുടെ ആരോപണം.
നഴ്‌സിംഗ് ജോലി വാഗ്ദാനം നല്‍കി ആറ് മാസം മുമ്പാണ് വിസിറ്റിംഗ് വിസയില്‍ എല്‍ദോ അടക്കം 32 പേരെ അല്‍റാസി ഖത്തറിലെത്തിച്ചത്. ജോലി ശരിയായതിനു ശേഷം വര്‍ക്ക് വിസ ലഭിക്കുമെന്നാണ് അല്‍റാസി ഉദ്യോഗസ്ഥര്‍ പറഞ്ഞത്. രണ്ട് ലക്ഷം രൂപയാണ് അല്‍റാസി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഈടാക്കിയത്. എന്നാല്‍ പ്രതീക്ഷിച്ചതു പോലെ എല്ലാവര്‍ക്കും ജോലി ഏര്‍പ്പാടാക്കാന്‍ സാധിച്ചില്ലെന്ന് ഏജന്‍സിക്കാര്‍ തന്നെ സമ്മതിച്ചു. 32 പേരില്‍ 24 പേര്‍ വിസ കാലാവധി തീരും മുമ്പ് തന്നെ നാട്ടില്‍ തിരിച്ചെത്തി. നാലുപേരുടെ വിസ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കി. രണ്ട് പേര്‍ക്ക് നഴ്‌സിംഗ് ജോലിക്കു പകരം ടൈല്‍ ഫാക്ടറിയിലാണ് ജോലി നല്‍കിയത്.
കഴിഞ്ഞ ദിവസം തട്ടിപ്പിനെതിരെ പല നഴ്‌സിംഗ് സംഘടനകളും രംഗത്തു വന്നിരുന്നു. ഇതിനെ തുടര്‍ന്ന് മൂന്ന് കണ്‍സള്‍ട്ടന്‍സി ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്തു.

(Visited 5 times, 1 visits today)